സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ മുഖേന അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്കുള്ള ട്രാൻസ്പ്ലാന്റ് മരുന്നുകള്‍ ഏറ്റവും വില കുറവില്‍ ലഭ്യമാക്കുന്നു.
തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലായി പ്രവർത്തിക്കുന്ന ‘കാരുണ്യസ്പർശം’ -സീറോ-പ്രോഫിറ്റ് കൗണ്ടറുകള്‍ മുഖാന്തിരമാണ് ഈ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിർവഹിച്ചു. ഹെല്‍ത്ത് ഹബ്ബ്, സംയോജിത കാരുണ്യ ഫാർമസി കൗണ്ടർ, മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് ശിലാസ്ഥാപനം തുടങ്ങിയ മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഉയർന്ന വിലയുള്ള ആന്റി കാൻസർ മരുന്നുകള്‍ ഏറ്റവും വിലകുറച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ‘കാരുണ്യസ്പർശം’ എന്ന നൂതന ആശയം കേരള മെഡിക്കല്‍ സർവീസസ് കോർപറേഷന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികള്‍ വഴിയാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ 14 കാരുണ്യ ഫാർമസികളില്‍ സീറോ പ്രോഫിറ്റ് ഹൈവാല്യൂ ആന്റി കാൻസർ മെഡിസിൻ കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. തുടർന്ന് 14 ജില്ലകളിലെ 58 കാരുണ്യ ഫാർമസികളില്‍ കൂടി കാരുണ്യ സ്പർശം കൗണ്ടറുകള്‍ ആരംഭിച്ചു. എം.ആർ.പി.യില്‍ നിന്നും വളരെയധികം വിലകുറച്ച് ലാഭം ഒട്ടും എടുക്കാതെയാണ് ഈ കൗണ്ടറുകള്‍ വഴി മരുന്നുകള്‍ നല്‍കുന്നത്. ഇതിലൂടെ രോഗികള്‍ക്ക് ഏറെ ആശ്വാസമാണ്.
മെഡിക്കല്‍ കോളേജ് ആശുപത്രി തിരുവനന്തപുരം, ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, ജനറല്‍ ആശുപത്രി പത്തനംതിട്ട, മെഡിക്കല്‍ കോളേജ് ആശുപത്രി ആലപ്പുഴ, മെഡിക്കല്‍ കോളേജ് ആശുപത്രി കോട്ടയം, താലൂക്കാശുപത്രി നെടുങ്കണ്ടം, ജനറല്‍ ആശുപത്രി എറണാകുളം, മെഡിക്കല്‍ കോളേജ് ആശുപത്രി തൃശ്ശൂർ, ജില്ല ആശുപത്രി പാലക്കാട്, തിരൂർ, മെഡിക്കല്‍ കോളേജ് കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി, മെഡിക്കല്‍ കോളേജ് പരിയാരം, ജനറല്‍ ആശുപത്രി കാസർഗോഡ് എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികള്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്.
കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ, കൗണ്‍സിലർ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. വിശ്വനാഥൻ, മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. പി.കെ. ജബ്ബാർ. സൂപ്രണ്ട് ഡോ. ജയചന്ദ്രൻ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്. എംഡി സുധീർ ബാബു, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജർ ഡോ. അരുണ്‍ തുടങ്ങിയവർ പങ്കെടുത്തു.
