തന്നെ പ്രകീർത്തിച്ചും പാർട്ടി നേതൃത്വത്തെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം ;അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക : കുറിപ്പുമായി പി.
ജയരാജൻ
കണ്ണൂർ : പാർട്ടിയെ രക്ഷിക്കാൻ പി ജയരാജൻ വരണമെന്ന ആവശ്യവുമായി കണ്ണൂരിലുയർന്ന ഫ്ലക്സ്ബോർഡുകള്‍ക്കെതിരെ പ്രതികരണവുമായി പി. ജയരാജൻ രംഗത്ത് .നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിരാശരായ ചിലർ പാർട്ടി നേതൃത്വത്തിലെ ചിലരെ ലക്ഷ്യമിട്ട് പരസ്യ വിമർശനം നടത്തുന്നതായി അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചിലർ നടത്തുന്ന പ്രതികരണങ്ങളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും പാർട്ടിക്ക് ഗുണകരമല്ലെന്നും പി. ജയരാജൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ചിലയിടങ്ങളില്‍ എന്റെ പടം വെച്ച് കൊണ്ട് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കുന്നു. പരാജയത്തില്‍ നിന്ന് നിരാശരായവർ പല തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നതായും കാണുന്നു.ഇത്തരം കാര്യങ്ങളില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി കമ്മിറ്റി അംഗം എന്ന നിലയില്‍ എന്റെ നിലപാട് വ്യക്തമാക്കുവാനാണ് ഈ പോസ്റ്റ്. ഫ്ലക്സ് ബോർഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാകാൻ കൊണ്ടു പിടിച്ച ശ്രമം കോണ്‍ഗ്രസ്സുകാർ നടത്തുന്നുണ്ട്. കോണ്‍ഗ്രസ്സ് പ്രത്രിസന്ധിയിലായപ്പോള്‍ “ഇന്ദിരയെ വിളിക്കൂ സോണിയെ വിളിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കു” എന്ന മുദ്രവാക്യം ഉയർത്തി. അത് കോണ്‍ഗ്രസ്സ് സംസ്കാരമാണ്.
അതില്‍ നിന്നും വ്യത്യസ്ഥമാണ് കമ്മ്യൂണിസ്റ്റ് സംഘടന രീതി. കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റി തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാർട്ടി തെരത്തെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഇന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സംന്ദർഭങ്ങളിലും അവയെ വസ്തു നിഷ്ടമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർ നടപടികളും കൈക്കൊള്ളാറുമുണ്ട്.
ഈ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവാവഹമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തല്‍ നടപടികളും വരും.
അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നത്. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയിലൂടെയുള്ള തുറന്ന ചർച്ചകള്‍ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉള്‍പാർട്ടി ചർച്ചകള്‍ പ്രോത്സാഹിപ്പിക്കുക- ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ പടം വെച്ചുള്ള ബോർഡുകള്‍ നീക്കം ചെയ്യണം. സോഷ്യല്‍ മീഡിയയില്‍ എന്നെ പ്രകീർത്തിച്ചു കൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയും കൊണ്ടുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കുക. ഉള്‍പാർട്ടി ചർച്ചയെ കുറിച്ച് സി.പി.ഐ.എം ഭരണഘടന അനുശാസിക്കുന്നത് പിൻതുടരുക.
ബംഗാളില്‍ സി.പി.ഐ.എം വീണ്ടും കുതിച്ച് കയറാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടു തുടങ്ങി. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.
