കൊച്ചിയില്‍ 24കാരിയെ കത്തിമുനയില്‍ വിവസ്ത്രയാക്കി ആണ്‍സുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തില്‍ രാത്രി ആണ്‍സുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയില്‍ നിർത്തി പീഡിപ്പിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍.

പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലില്‍ എൻ എസ് ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടില്‍ രാഹുല്‍ (39) എന്നിവരാണ് അറസ്റ്റിലായത്.കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്‌ആർ വിഭാഗം ജീവനക്കാരിയായ യുവതി എംബിഎ ബിരുദധാരിയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ ഹോട്ടലിന്റെ പത്താംനിലയില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

മൂന്നാം പ്രതി അതുലിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് എറണാകുളം സെൻട്രല്‍ പൊലീസ് അറിയിച്ചു. ആണ്‍സുഹൃത്തിന്റെ കണ്‍മുന്നില്‍ വച്ച്‌ യുവതിയെ വിവസ്ത്രയാക്കി മണിക്കൂറുകളോളം ഇവർ ഉപദ്രവിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് ഫയർ ഗോവണിയിലൂടെ ഇറങ്ങിയോടിയാണ് യുവതിയും ആണ്‍സുഹൃത്തും രക്ഷപ്പെട്ടത്.

യുവതിയും എറണാകുളം സ്വദേശിയായ ആണ്‍സുഹൃത്തും കെട്ടിടത്തിന്റെ മുകള്‍നിലയിലേക്ക് പോകുമ്പോള്‍ പ്രതികള്‍ താഴത്തെ നിലയിലിരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നാലെ കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെടാൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെയാണ് ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിർത്തി യുവതിയെ പീഡിപ്പിച്ചത്.

രക്ഷപ്പെട്ട് കെട്ടിടത്തിന് പുറത്തെത്തിയ യുവതി ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രല്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *