ബി.ജെ.പിയെ അങ്കലാപ്പിലാക്കി സര്‍വേ റിപ്പോര്‍ട്ട്

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും കേരളത്തില്‍ താമര ‘വിരിയില്ല’ എന്ന് പാര്‍ട്ടിയുടെയും ചില മാധ്യമങ്ങളുടെയും സര്‍വേ റിപ്പോര്‍ട്ട് .

ബി.ജെ.പി നേതൃത്വവും ചില മാധ്യമങ്ങളും നടത്തിയ സര്‍വേകളില്‍ കേരളത്തിലെ 20 സീറ്റില്‍ ഒന്നില്‍ പോലും പാര്‍ട്ടിക്ക് ഇക്കുറിയും വിജയസാധ്യതയില്ലെന്നാണ് കണ്ടെത്തല്‍.

കേരളത്തില്‍ എന്തുകൊണ്ട് ബി.ജെ.പിക്ക് വിജയിക്കാൻ സാധിക്കുന്നില്ലെന്നതാണ് ദേശീയ നേതൃത്വത്തെ കുഴക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്‍റെ പാളിച്ചകള്‍ക്കുപുറമെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താൻ കഴിയുന്നില്ലെന്ന വിലയിരുത്തലാണുള്ളത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനാകാത്തതാണ് പരാജയത്തിന്‍റെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍

കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടെ മത്സരിപ്പിച്ച്‌ ഒരു സീറ്റെങ്കിലും നേടാനാകുമോയെന്ന തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് ദേശീയ നേതൃത്വം. സുരേഷ്ഗോപിക്ക് വിജയസാധ്യത കല്‍പിക്കുന്നുണ്ടെങ്കിലും ഇടത്-വലത് മുന്നണികള്‍ ഒരുമിച്ച്‌ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന വിലയിരുത്തലുമുണ്ട്.

ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നെങ്കിലും വിജയിക്കുന്നില്ല. മുസ്ലിം സമുദായം ബി.ജെ.പിയെ വിശ്വാസത്തിലെടുക്കുന്നില്ല. മണിപ്പൂരിലെ സംഘര്‍ഷം കേരളത്തിലെ ക്രിസ്ത്യാനികളെ സ്വാധീനിക്കുമെന്ന വിലയിരുത്തലുമുണ്ട്. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയനേതാവുമായ അല്‍ഫോൻസ് കണ്ണന്താനവും അക്കാര്യം സമ്മതിക്കുന്നു. ഇക്കുറി കേരളത്തില്‍ മത്സരിക്കാൻപോലുമില്ലെന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്. കേരളത്തില്‍ അഞ്ച് സീറ്റ് വിജയിക്കുമെന്നാണ് കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ അവകാശപ്പെടുന്നത്. ഏതൊക്കെയാണെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല.

തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട മണ്ഡലങ്ങളാണ് ബി.ജെ.പി പ്രതീക്ഷ വെക്കുന്നത്. എന്നാല്‍ തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് വേരോട്ടമുള്ളതെന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. എന്നാല്‍, ഇവിടങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായതിനാല്‍ വിജയിക്കാനുള്ള സാധ്യതയില്ലെന്ന വിലയിരുത്തലുമുണ്ട്. തൃശൂരില്‍ സുരേഷ്ഗോപി, പാലക്കാട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ആറ്റിങ്ങലില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എന്നിവര്‍ ഏറക്കുറെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചുകഴിഞ്ഞു.

തിരുവനന്തപുരത്ത് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പേരിനാണ് മുന്തിയ പരിഗണന. ബി.ജെ.പി പ്രതീക്ഷയര്‍പ്പിക്കുന്ന പത്തനംതിട്ടയില്‍ ജനപക്ഷം ചെയര്‍മാൻ പി.സി. ജോര്‍ജിന് നോട്ടമുള്ളത് എൻ.ഡി.എക്ക് തലവേദനയായുണ്ട്. തെരഞ്ഞെടുപ്പിന് മുമ്ബ് റബറിന്‍റെ താങ്ങുവില വര്‍ധിപ്പിക്കുന്നതിനുള്ള നീക്കവും ബി.ജെ.പി നടത്തിയേക്കും. കേരളത്തില്‍ ശക്തമായ പ്രതിപക്ഷമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മാറിയിട്ടും സംസ്ഥാന നേതൃത്വം എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ കാര്യമായി രംഗത്തില്ലെന്നതും ദേശീയനേതൃത്വത്തെ വലയ്ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *