സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തില്‍ നിർണ്ണായകമായ അഴിച്ചുപണിക്ക് പാർട്ടി തീരുമാനിച്ചു. എ.എ. റഹീം എം.പിയെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിക്കാൻ ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി.
നിലവിലെ സെക്രട്ടറി വി. ജോയിയെ വർക്കല നിയമസഭാ മണ്ഡലത്തില്‍ വീണ്ടും മത്സരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നേതൃമാറ്റം.
വർക്കല എം.എല്‍.എ കൂടിയായ വി. ജോയിയെ മാറ്റിനിർത്തിയാല്‍ മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്ന പാർട്ടിക്കുള്ളിലെ ആശങ്കയാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. തുടഭരണം ലക്ഷ്യമിട്ട് വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ജോയിയെ വീണ്ടും കളത്തിലിറക്കുന്നത്.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ.എ. റഹീമിനെ ജില്ലാ സെക്രട്ടറിയായി കൊണ്ടുവരുന്നതിലൂടെ പാർട്ടി നേതൃത്വത്തില്‍ ഒരു യുവമുഖത്തെ പ്രതിഷ്ഠിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ജില്ലയിലെ പാർട്ടിയിലുള്ള വിഭാഗീയത പരിഹരിക്കാൻ ഇരുവിഭാഗത്തിനും ഒരുപോലെ സ്വീകാര്യനായ റഹീമിന്റെ സാന്നിധ്യം ഗുണകരമാകുമെന്നും നേതൃത്വം വിലയിരുത്തുന്നു.
