പശ്ചിമതീര ജലപാത വികസനം നവകേരള നിര്‍മ്മിതിയില്‍ വലിയ മാറ്റം സൃഷ്ടിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ വികസന ചരിത്രത്തില്‍ അതിപ്രധാനമായ ഒരു ചുവടുവെപ്പാണ് പശ്ചിമതീര ജലപാതയുടെ വികസനത്തിലൂടെ നടപ്പിലാകുന്നതെന്നും ഇത് നവകേരള നിർമ്മിതിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ട പൂർത്തീകരണം, ചിലക്കൂർ വിനോദസഞ്ചാര പദ്ധതി, ഇൻലാൻഡ് നാവിഗേഷൻ വിഭാഗം പൂർത്തീകരിച്ച വിവിധ പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനം വർക്കല ചിലക്കൂർ ബീച്ച്‌ പാർക്കില്‍ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏവരും ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കാളികളാകുന്ന ഈ ചടങ്ങ് നാടിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണെന്നും പശ്ചിമതീര വികസനത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ സുപ്രധാന പദ്ധതികളാണ് നാടിന് സമർപ്പിക്കുന്നതെന്നും ഇവയെല്ലാം ഒന്നിനൊന്ന് പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതല്‍ തൃശൂർ വരെ 280 കിലോമീറ്റർ നീളമുള്ള ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ട നവീകരണമാണ് ഇപ്പോള്‍ പൂർത്തിയായിരിക്കുന്നത്. ഇതിന്റെ ഭാഗമായി തൃശൂർ കാട്ടൂർ സെക്ഷൻ മധുരംപള്ളിയില്‍ അഞ്ച് കിലോമീറ്റർ ദൂരം സംസ്ഥാന ജലപാത നിലവാരത്തില്‍ ആഴവും വീതിയും കൂട്ടി നവീകരിച്ചിട്ടുണ്ട്. അതോടൊപ്പം 1876ല്‍ നിർമ്മിക്കപ്പെട്ട 320 മീറ്റർ നീളമുള്ള ചിലക്കൂർ ടണലിന്റെ നവീകരണവും സൗന്ദര്യവല്‍ക്കരണവും പൂർത്തിയാക്കി. 150 വർഷം മുൻപുള്ള ഈ എൻജിനീയറിങ് അത്ഭുതത്തെ അതിന്റെ പഴമയും പൈതൃകവും ഒട്ടും ചോരാതെയാണ് വീണ്ടെടുക്കാൻ സാധിച്ചത്.

മറ്റു കൂട്ടിച്ചേർക്കലുകള്‍ അധികമൊന്നുമില്ലാതെ രൂപകല്‍പ്പന ചെയ്ത ഈ ടണലില്‍ അത്യാധുനികമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കിയിട്ടുണ്ട്. 20 പേർക്ക് സഞ്ചരിക്കാവുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇലക്‌ട്രിക് ബോട്ട് ഉള്‍പ്പെടെയാണ് സൗന്ദര്യവല്‍ക്കരണം നടത്തിയിട്ടുള്ളത്. കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ ജീവിതം എന്നിവയെല്ലാം ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന സജ്ജീകരണവുമുണ്ട്. വിനോദസഞ്ചാര മേഖലയില്‍ ഒരു ഹെറിറ്റേജ് സെന്ററായി ചിലക്കൂർ ടണലിനെ ഉയർത്താൻ ഇതിലൂടെ കഴിയും. ചിലക്കൂർ ടണലിന്റെ സൗന്ദര്യവല്‍ക്കരണം, ടണലില്‍ ഒരുക്കിയിട്ടുള്ള ഷോ, ഇലക്‌ട്രിക് ബോട്ട് നിർമ്മാണം ഇവയെല്ലാം സിയാല്‍ വഴിയാണ് നടപ്പിലാക്കിയിട്ടുള്ളത്.

ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ നേതൃത്വത്തില്‍ നിർമ്മിച്ച കോഴിക്കോട് മൂഴിക്കല്‍ ലോക്ക്-കം ബ്രിഡ്ജ്, തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് പാലം, 14 കിലോമീറ്റർ നീളത്തില്‍ നവീകരിച്ച വടകര – മാഹി കനാല്‍ എന്നിവയും ഇതോടൊപ്പം പൂർത്തിയായിട്ടുണ്ട്. വടകര – മാഹി കനാല്‍ പൂർത്തിയാക്കല്‍ പ്രയാസമുള്ള കാര്യമായിരുന്നു. എത്രയോ വർഷങ്ങളായി അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതെല്ലാം നാഷണല്‍ വാട്ടർവേ നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയ്‌ക്കൊപ്പം തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് പശ്ചിമതീര ജലപാത വികസനം. കോവളം മുതല്‍ ബേക്കല്‍ വരെ 616 കിലോമീറ്റർ ദൂരത്തിലാണ് ഈ ജലപാത ഉണ്ടാവുക. ഇതിലൂടെ തുടർച്ചയായ ജലയാത്ര ഒരുക്കലാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേരളത്തിലെ 10 ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല നവകേരള നിർമ്മിതിയില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നതോടൊപ്പം കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വലിയ ഹരമാകും. യാത്രയ്ക്കിടയില്‍ അവർക്ക് ഇറങ്ങാൻ സാധിക്കുന്ന സ്ഥലങ്ങളില്‍ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ നമുക്ക് കഴിയും. കാഴ്ചകള്‍ മാത്രമല്ല, നമ്മുടെ നാടൻ വിഭവങ്ങള്‍ കൂടി ആസ്വദിച്ചുള്ള, ജലപാതയിലൂടെയുള്ള യാത്ര വലിയ തോതിലുള്ള മാറ്റം ടൂറിസം രംഗത്തുണ്ടാക്കും.

നിലവില്‍ റോഡിലൂടെയാണ് നമ്മുടെ എല്ലാ ചരക്കുനീക്കവും നടക്കുന്നത്. ജലപാതയുടെ വികസനത്തോടെ ഈ കാര്യങ്ങളില്‍ വലിയ മാറ്റം വരും. തൃക്കുന്നപ്പുഴ ലോക്കിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകുന്നതോടെ ചരക്കുനീക്കത്തില്‍ വലിയ മാറ്റമുണ്ടാകും. ചരക്കുനീക്കത്തിന്റെ ഒരു കണക്ക് പറഞ്ഞാല്‍, കൊച്ചിയില്‍ നിന്ന് ചവറ കെ.എം.എം.എല്ലിലേക്ക് പ്രതിദിനം 40 ടാങ്കറുകളാണ് അസംസ്‌കൃത വസ്തുക്കളുമായി പോകുന്നത്. ഇത് രണ്ട് ബാർജുകള്‍ ഉണ്ടായാല്‍ ജലപാതയിലൂടെ എത്തിക്കാൻ കഴിയും. ഇത് ദേശീയപാതയിലെ തിരക്ക് വല്ലാതെ കുറയ്ക്കാനും അപകടങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ഈ ജലപാതയെ ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അതോടെ ഒരു മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് ശൃംഖല സംസ്ഥാനത്ത് നിലവില്‍ വരും. ഇത് കയറ്റുമതി-ഇറക്കുമതി ചിലവ് കുറയ്ക്കുകയും നിക്ഷേപ സാധ്യതകള്‍ വർദ്ധിപ്പിക്കുകയും ചെയ്യും. വ്യാവസായിക യൂണിറ്റുകള്‍, ലോജിസ്റ്റിക്‌സ് ഹബുകള്‍, ഫുഡ് പ്രോസസിങ് കേന്ദ്രങ്ങള്‍ എന്നിവ ജലപാതയുടെ തീരങ്ങളില്‍ വളർന്നുവരും. ഇത്തരത്തില്‍ പല നിലയില്‍ വികസന സാധ്യതയുള്ള പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ ജലപാത വികസനത്തിന് ഇതുവരെ 450 കോടി രൂപയുടെ പദ്ധതികള്‍ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 325 കോടി രൂപ വികസന പ്രവർത്തനങ്ങള്‍ക്കായി ചെലവഴിച്ചു. ഇതില്‍ പുനരധിവാസ പ്രവർത്തനങ്ങള്‍ക്കായാണ് 150 കോടി രൂപ ചെലവഴിച്ചത്. വർക്കലയിലും കഠിനംകുളത്തുമായി 580 ഓളം കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ താമസസൗകര്യമാണ് ഉറപ്പാക്കിയത്. തിരുവനന്തപുരത്തും പുനരധിവാസത്തിനായി ജനങ്ങള്‍ക്ക് സ്വീകാര്യമായ ഒരു പാക്കേജ് നല്‍കാനാണ് ആലോചിക്കുന്നത്. നിലവില്‍ അവിടെ പുനരധിവാസം ആവശ്യമുള്ള 494 കുടുംബങ്ങളില്‍ 450 കുടുംബങ്ങളും സർക്കാരിന്റെ പാക്കേജ് സ്വീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവരും വേഗം തന്നെ അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വികസന പ്രവർത്തനങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങളെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുക എന്ന നയം കേരളത്തിനില്ല. എല്ലാവരെയും ചേർത്തുപിടിക്കുക എന്ന നയമാണ് നമ്മുടെ നാട് നടപ്പാക്കുന്നത്. പലതരത്തിലുള്ള തടസ്സങ്ങള്‍ വന്നേക്കാം, പക്ഷെ ആ തടസ്സങ്ങള്‍ കണ്ട് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതോ അത് ഉപേക്ഷിക്കുന്നതോ സർക്കാരിന്റെ രീതിയല്ല.

സംസ്ഥാന സർക്കാരും സിയാലും ചേർന്ന് രൂപീകരിച്ച ‘ക്വില്‍’ (KWIL) എന്ന പ്രത്യേക കമ്പനിയാണ് ഈ പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്നത്. രണ്ടാം ഘട്ടം എന്ന നിലയില്‍ ചേറ്റുവ മുതല്‍ ബേക്കല്‍ വരെയുള്ള ഭാഗം സമയബന്ധിതമായി പൂർത്തിയാക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് പദ്ധതി പൂർത്തീകരിച്ച ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നാടിന്റെ വികസനത്തിനായി എല്ലാവരും സഹകരിക്കുന്നുണ്ട്. നവകേരളം യാഥാർത്ഥ്യമാക്കാനുള്ള നീക്കമാണ് നാം നടത്തുന്നത്. ഇനിയും ആ സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അഡ്വ. വി. ജോയ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്വില്‍ ഡയറക്ടർ എസ്. സുഹാസ് സ്വാഗതം പറഞ്ഞു. ചിലക്കൂർ വിനോദസഞ്ചാര പദ്ധതിയുടെയും സോളാർ ബോട്ടിന്റെയും നടത്തിപ്പ് ചുമതല സംബന്ധിച്ച ധാരണാപത്രം എസ്. സുഹാസും കേരള ഹൈഡല്‍ ടൂറിസം സെന്റർ ഡയറക്ടർ ഹർഷില്‍ ആർ. മീണയും കൈമാറി. വർക്കല നഗരസഭ ചെയർപേഴ്‌സണ്‍ ഗീത ഹേമചന്ദ്രൻ, ഇൻലാൻഡ് നാവിഗേഷൻ ചീഫ് എൻജിനീയർ ശ്രീകല സി. കെ., ഡയറക്ടർ അരുണ്‍ കെ. ജേക്കബ്, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവർ ഉദ്ഘടന ചടങ്ങില്‍ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *