വിളപ്പില്‍ശാലയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം ; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി വീണാ ജോര്‍ജ്

വിളപ്പില്‍ശാലയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഇടപെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ തിരുവനന്തപുരം ഡിഎംഒ ഓഫീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി പരിശോധിക്കാനാണ് തീരുമാനം.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടര്‍ന്ന് വിളപ്പില്‍ശാല സ്വദേശിയായ ബിസ്മീര്‍(37) മരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ഏറെ വൈകിയാണ് ബിസ്മീറിനും ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായത്. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ഡോക്ടര്‍ വന്ന് പരിശോധിക്കുമ്ബോള്‍ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയാണ് ഡോക്ടര്‍ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ബിസ്മീര്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *