നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകള്‍ ഇടതുമുന്നണി ചേർന്ന് തീരുമാനിക്കുമെന്ന് മന്ത്രി എ.കെ.
ശശീന്ദ്രൻ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതുതലമുറയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന പൊതുവികാരംഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിന്റെ എല്ലാ മേഖലകളിലും പുതുതലമുറ കടന്നുവരണമെന്നാണ് ആഗ്രഹം. എൻസിപിക്കുള്ളില്‍ അത്തരമൊരു ആവശ്യം ഉയർന്നാല്‍ അതില്‍ യാതൊരു പ്രശ്നവുമില്ല. താൻ മാറിയാലും ഇല്ലെങ്കിലും പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് കെ. തോമസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യത്തെക്കുറിച്ച്, പാർട്ടി കൂടുതല്‍ പ്രവർത്തനക്ഷമമാകണമെന്ന വിലയിരുത്തല്‍ എല്ലാവർക്കുമുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി. വന്യമൃഗ ശല്യം ഉള്‍പ്പെടെയുള്ള വലുതും ചെറുതുമായ എല്ലാ ജനകീയ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഒത്തുചേരണമെന്നാണ് തന്റെ പക്ഷമെന്നും ശശീന്ദ്രൻ പറഞ്ഞു.
