‘ഒരു കേന്ദ്രമന്ത്രി എയിംസ് ഇവിടെയാണ് അവിടെയാണ് എന്നൊക്കെ പറഞ്ഞിരുന്നു, അദ്ദേഹം മലയാളികളെ വീണ്ടും കബളിപ്പിച്ചു’; ബിനോയ് വിശ്വം

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് മോദി സര്‍ക്കാറിന്റെ യഥാര്‍ത്ഥ സ്വഭാവം എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ജനത്തെ മറന്ന ബജറ്റാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.

യുവശക്തി ബജറ്റ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ ഒരു പദ്ധതിയും ഇല്ല. അദാനി- അംബാനി ബജറ്റാണിതെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.
കേന്ദ്രത്തിന് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങള്‍ വിവേചനത്തിന് ഇരയായി. കേരളത്തിലെ തീര്‍ത്ഥാടകരേയും തീര്‍ത്ഥാടക കേന്ദ്രങ്ങളെയും അവഗണിച്ചു. ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ട് കേരളം വേണ്ട എന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കേരളത്തിന് അതിവേഗ പാതയില്ല. ആമയുണ്ട്, ആമ സംരക്ഷണത്തിന്റെ വര്‍ത്തമാനം കൊള്ളത്തരം മാത്രമാണ്.
ആമയ്ക്കും രക്ഷയില്ല, കടല്‍തീരത്തിനും രക്ഷയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയമായി ബിജെപിയ്ക്ക് കേരളത്തെ വെറുപ്പാണ്. കേരള വിരുദ്ധമാണ് ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതിനെയും ബിനോയ് വിശ്വം വിമര്‍ശിച്ചു. ഒരു കേന്ദ്ര മന്ത്രി നടന്നു പറഞ്ഞു എയിംസ് ഇവിടെയാണ് അവിടെയാണ് എന്നൊക്കെ. എന്നാല്‍ എയിംസില്‍ കേന്ദ്ര മന്ത്രി കബളിപ്പിച്ചു. കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ എവിടെയെങ്കിലും എയിംസ് വരുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. വിജയം കുറുക്കുവഴിയാക്കിയ മന്ത്രിക്ക് ഇപ്പോള്‍ വ്യക്തതയില്ലെന്നും സുരേഷ് ഗോപിയെ ലക്ഷ്യമിട്ട് ബിനോയ് വിശ്വം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അവസ്ഥയില്‍ സങ്കടമുണ്ടെന്ന് പരിഹസിച്ച ബിനോയ് വിശ്വം, ഒരിക്കലും ജയിക്കാത്ത കേസ് വാദിക്കുന്ന വക്കീലിന്റെ അവസ്ഥയാണ് രാജീവിന്റെതെന്നും പറഞ്ഞു. ബിജെപി സര്‍ക്കാറിന്റെ അവഗണനയില്‍ ജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. മോദി വന്ന് വാദിച്ചാലും ജനങ്ങളുടെ കോടതിയില്‍ ബിജെപിയുടെ വാദം പൊളിയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *