പണി വരുന്നുണ്ടേ !! വര്‍ഷത്തില്‍ അഞ്ചുതവണ ട്രാഫിക് നിയമം ലംഘിച്ചാല്‍ ലൈസൻസ് സസ്പെൻഡ് ചെയ്യും

വർഷത്തില്‍ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കേന്ദ്രസർക്കാർ പുതിയ മോട്ടോർവാഹനച്ചട്ടങ്ങള്‍ പുറത്തിറക്കി.

ജനുവരി ഒന്നുമുതല്‍ നിയമം പ്രാബല്യത്തിലായി.

ലൈസൻസ് മൂന്നുമാസംവരെയാണ് സസ്പെൻഡ് ചെയ്യുന്നത്. ആർടിഒയ്ക്കാണ് നടപടിയെടുക്കാനുള്ള അധികാരം. മുൻവർഷങ്ങളിലെ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തില്ല. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുമുൻപ് ഉടമയുടെ വാദംകേള്‍ക്കാനുള്ള അവസരം നല്‍കണമെന്നും ചട്ടത്തിലുണ്ട്.

ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനനിയമത്തിലെ 24 നിയമലംഘനങ്ങളാണ് കണക്കാക്കുക. പൊതുവഴിയില്‍ വാഹനം നിർത്തിയിടല്‍, അനധികൃതപാർക്കിങ്, വാഹനമോഷണം, വാഹനയാത്രക്കാരെ മർദിക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങി 24 ലംഘനങ്ങളാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുകാരണമായി പറയുന്നത്.

അതിവേഗം, ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, സീറ്റുബെല്‍റ്റ് ധരിക്കാതിരിക്കല്‍, സിഗ്നല്‍ വെട്ടിക്കല്‍ എന്നിവയും കുറ്റങ്ങളിലുണ്ട്. ചെറിയകുറ്റങ്ങളെന്നോ വലുതെന്നോ കണക്കാതെ അഞ്ചില്‍ക്കൂടിയാല്‍ ഇനിമുതല്‍ നടപടിയെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *