തന്റെ പ്രസ്താവന പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും വാക്കുകള്‍ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്തുകയായിരുന്നുവെന്നും വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി.
ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്നവരില്‍ ചിലർ ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് ഉണ്ടാകുന്നതെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് മന്ത്രി പറഞ്ഞു. വർഗീയതയോട് സമരസപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് അപകടകരമാണെന്നും അത് ശക്തമായി എതിർക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാസർഗോഡ് നഗരസഭയിലെ തിരഞ്ഞെടുപ്പ് കണക്കുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് മന്ത്രി തന്റെ വാദങ്ങള്‍ വിശദീകരിച്ചത്. 39 അംഗങ്ങളുള്ള നഗരസഭയില്‍ മതേതരത്വം ഉയർത്തിപ്പിടിച്ച എല്‍.ഡി.എഫിനും കോണ്‍ഗ്രസിനും തുച്ഛമായ സീറ്റുകള്‍ മാത്രം ലഭിച്ചപ്പോള്‍, വർഗീയത പറഞ്ഞ ബി.ജെ.പിക്ക് 12 സീറ്റും മുസ്ലീം ലീഗിന് 22 സീറ്റും ലഭിച്ചു എന്നത് ഒരു രാഷ്ട്രീയ വസ്തുത മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രത്യേക മതവിഭാഗത്തിന്റെ പേര് വായിക്കാനല്ല താൻ ശ്രമിച്ചത്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന നിലപാടാണ് തന്റേതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഏത് പ്രതിസന്ധിയിലും ന്യൂനപക്ഷങ്ങളുടെ കൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിന്നിട്ടുള്ളതെന്നും സജി ചെറിയാൻ പറഞ്ഞു. ഇടതുമുന്നണിയുടെ കാലത്ത് വർഗീയതയ്ക്ക് വളരാൻ സാധിച്ചിട്ടില്ല. എന്നാല്‍ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തെ ദുർബലപ്പെടുത്തുന്ന നടപടികള്‍ ബി.ജെ.പി, ലീഗ്, ജമാഅത്തെ ഇസ്‌ലാമി എന്നിവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. ഇത് അപകടമാണെന്നാണ് താൻ പറഞ്ഞതെന്നും താൻ ഒരു മതേതരവാദിയാണെന്നും മന്ത്രി ആവർത്തിച്ചു.
