രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതെരെ വീണ്ടും പരാതി. ലൈംഗിക പീഡനക്കേസിലെ അതിജീവതയുടെ മുൻപങ്കാളിയാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ കുടുംബ ജീവിതം തകർത്തുവെന്നും കേസിലെ യഥാർത്ഥ ഇര താനാണെന്നും കാട്ടിയാണ് യുവാവ് പരാതി നല്‍കിയത്. വിവാഹിതിയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുല്‍ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും തന്റെ അസാന്നിധ്യം രാഹുല്‍ അവസരമാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
സംഭവത്തില്‍ തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുലിനെതിരെ ഗർഭഛിദ്ര പരാതി ഉന്നയിച്ച യുവതിയുടെ പങ്കാളിയാണ് പരാതി നല്‍കിയത്. യുവതിയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു വിഷയത്തിലെ രാഹുലിന്റെ വാദം.
അതേസമയം, അച്ചടക്ക നടപടി പിൻവലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ കുര്യൻ വ്യക്തമാക്കിയിരുന്നു. നടപടി പിൻവലിക്കണോയെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ഇതില്‍ ധാർമികതയുടെ പ്രശ്നം ഇല്ലെന്നും പി.ജെ കുര്യൻ പറഞ്ഞു. സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനാണെന്നും ആരോപണ വിധേയരായ സിപിഎം നേതാക്കള്‍ പദവിയില്‍ തുടരുന്നുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
