ഞാൻ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്‍കിയവരോട് പറഞ്ഞേക്ക്: പുനര്‍ജ്ജനി കേസ് സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്

പുനർജ്ജനി കേസ് വിജിലൻസ് സി.ബി.ഐക്ക് ശിപാർശ ചെയ്‌തെന്ന വാർത്ത ശരിയല്ലെന്നാണ് തോന്നുന്നത്. അങ്ങനെ ഒരു കേസ് എടുക്കണമെന്ന ശിപാർശ നല്‍കാനാകില്ല.

ഒരു വർഷം മുൻപുള്ള കാര്യം ഇപ്പോള്‍ വന്നത് തിരഞ്ഞെടുപ്പായതു കൊണ്ടാണ്. ഒരു കാരണവശാലും നിലനില്‍ക്കില്ലെന്ന വിജിലൻസ് റിപ്പോർട്ടില്‍ ആദ്യം ആഭ്യന്തര വകുപ്പ് പരാതി തള്ളിക്കളഞ്ഞതാണ്. രണ്ടാമത് വീണ്ടും പരാതി എഴുതി വാങ്ങി വീണ്ടും അന്വേഷണം നടത്തി. ആ അന്വേഷണത്തിന്റെ ഭാഗമായുള്ള റിപ്പോർട്ടിലെ ഒരു ഭാഗത്തെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ആരും അറിയാത്ത എന്തെങ്കിലും കണ്ടെത്തല്‍ ഉണ്ടെങ്കില്‍ സി.ബി.ഐക്ക് വിടട്ടെ. ഇതൊക്കെ കണ്ടിട്ട് ഞാൻ പേടിച്ചു പോയെന്ന് പറഞ്ഞേക്ക്.

ഏത് രീതിയില്‍ അന്വേഷിച്ചാലും നിയമപരമായി നിലനില്‍ക്കില്ല. സി.ബി.ഐ അന്വേഷിച്ചാലും കുഴപ്പമില്ല. നിയമസഭയിലും പുറത്തും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. 2018-ന് ശേഷമാണ് ഇത്തരമൊരു ആക്ഷേപം വന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന ഉറപ്പുണ്ട്. മാർച്ചില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ജനുവരിയില്‍ എനിക്കെതിരെ ഒരു കേസ് ഇരിക്കട്ടെ എന്ന നിലയിലാണെങ്കില്‍ അത് നടക്കട്ടെ. രാഷ്ട്രീയമായും നിയമപരമായും നേരിടും. ഉമ്മൻ ചാണ്ടി സാറിനും രമേശ് ചെന്നിത്തലയ്ക്കും എതിരെ സി.ബി.ഐ കേസ് കൊണ്ടു വന്നതുപോലെയാണെങ്കില്‍ അതുപോലെ ഇതിനെയും നേരിടും.

വിദേശത്ത് പോയി പണം പിരിച്ചിട്ടുണ്ടെന്ന് എം.വി ഗോവിന്ദൻ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ സർക്കാരിനോട് ശിപാർശ ചെയ്ത് അന്വേഷണം സി.ബി.ഐക്ക് വിടുകയാണ് വേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥർ എഴുക്കൊടുത്ത റിപ്പോർട്ട് എം.വി ഗോവിന്ദൻ ഒന്ന് വായിച്ച്‌ നോക്കട്ടെ. ഉമ്മൻ ചാണ്ടിയുടെ കേസ് വിട്ടത് പോലെ ഇതും സി.ബി.ഐക്ക് വിടട്ടെ. വേറെ ഒരു കേസും വിട്ടില്ലെങ്കിലും ഈ കേസ് സി.ബി.ഐക്ക് വിടണം. ഞാൻ പേടിച്ചിരിക്കുകയാണെന്ന് ഈ വാർത്ത ചാനലുകളില്‍ എത്തിച്ചവരോട്, പറഞ്ഞാല്‍ മതി.

തിരഞ്ഞെടുപ്പാണ് പ്രശ്‌നമെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അറിയാം. ഒരേ കാര്യത്തില്‍ രണ്ടുതവണ അന്വേഷണം നടത്തി ഒന്നും ഇല്ലെന്ന് മനസിലാക്കിയിട്ടും സി.ബി.ഐ അന്വേഷിക്കേണ്ട കേസാണെന്ന പ്രഖ്യാപനം നടത്തിയാല്‍ അത് മനസിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിനുണ്ട്. അവർ എന്നെ ഇങ്ങനെ സഹായിക്കുമെന്ന് കരുതിയില്ല. എന്നെ പല രീതിയില്‍ സഹായിക്കാൻ തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയാനാകില്ല. വിജിലൻസ് റിപ്പോർട്ട് കിട്ടിയാല്‍ പ്രതിപക്ഷ നേതാവിനെ സഹായിക്കാൻ മുഖ്യമന്ത്രി തയാറാകുമോ? അങ്ങനെ ഒരു റിപ്പോർട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കട്ടെ. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ 60 ദിവസം പോലും ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ സി.ബി.ഐ അന്വേഷണം നടത്താൻ തീരുമാനിച്ചാല്‍ അതിനെ വ്യക്തിപരമായി നേരിട്ടോളാം. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇതിനൊക്കെ ആരാണ് മറുപടി പറഞ്ഞ് വിഷമിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ നല്‍കിയ നിരവധി റിപ്പോർട്ടുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞത് അഭിമാനത്തോടെയാണ് ഞാൻ ഇപ്പോഴും മനസില്‍ സൂക്ഷിച്ച്‌ വച്ചിരിക്കുന്നത്. കേസ് സി.ബി.ഐക്ക് വിടരുതെന്നോ മുഖ്യമന്ത്രി സഹായിക്കണമെന്നോ ഞാൻ ആവശ്യപ്പെടില്ല. ഇന്നലത്തെ അടിവസ്ത്ര കേസ് ബാലൻസ് ചെയ്യാനാണ് ശ്രമിക്കുന്നത്. ഷഡ്ഡി കേസിന്റെ വാർത്ത പത്രങ്ങളുടെ അകത്തെ പേജിലേക്ക് ആക്കാനാണ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *