യുഎഇയില്‍ ദുബായ് എയർഷോയില്‍ അഭ്യാസ പ്രകടനത്തിനിടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഇന്ത്യൻ വ്യോമസേന ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി ചർച്ചകള്‍ നടത്തുകയാണ്. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കും. ഹിമാചല്‍ പ്രദേശിലെ കാൻഗ്ര സ്വദേശി സ്ക്വാഡ്രണ്‍ ലീഡർ നമൻ സ്യാല്‍ ആണ് മരിച്ചത്. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.15ന് അല്‍-മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം.
കഴിഞ്ഞ കൊല്ലം മാർച്ചില്‍ ജയ്സല്‍മേറില്‍ അപകടമുണ്ടായിരുന്നെങ്കിലും പൈലറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അപകടത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണ് ദുബായില്‍ നടന്നത്. ദുബായ് എയർ ഷോയുടെ അവസാന ദിവസം ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരണ്‍ സംഘവും തേജസുമാണ് വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സൂര്യകിരണ്‍ സംഘത്തിന്റെ പിന്നാലെയായിരുന്നു തേജസിന്റെ പ്രകടനം. വിമാനം നിലംപതിച്ചതോടെ എയർ ഷോ താല്‍ക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
അതേസമയം, അപകടത്തില്‍ മരിച്ച നമൻ സ്യാലിന്റെ ഇന്ന് നാട്ടിലെത്തിച്ചേക്കും. ഡല്‍ഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്കു കൊണ്ടുപോകും. ഭാര്യ അഫ്സാനും വ്യോമസേനയിലെ പൈലറ്റാണ്. നമൻ സ്യാലിന്റെ മാതാപിതാക്കള്‍ കോയമ്ബത്തൂരിലെ സുളൂർ വ്യോമത്താവളത്തിലാണുള്ളത്. പിതാവ് ജഗന്നാഥ് സ്യാല്‍ ഇന്ത്യൻ സൈന്യത്തില്‍ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തു. പ്രിൻസിപ്പലായാണ് വിരമിച്ചത്. ഹാമിർപൂരിലെ സുജൻപൂർ തിര സൈനിക് സ്കൂളിലാണ് നമൻ സ്യാല്‍ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ഡിഫൻസ് അക്കാഡമിയില്‍ പ്രവേശനം നേടുകയായിരുന്നു.
