കേന്ദ്രസർക്കാരിന്റെ പുതിയ വഖഫ് ഭേദഗതി നിയമം 2025 നടപ്പിലാക്കാൻ പശ്ചിമ ബംഗാള്‍. മാസങ്ങളോളം നിയമത്തെ എതിർത്ത ശേഷമാണ് ബംഗാള്‍ സർക്കാർ നിയമം അംഗീകരിക്കുന്നത്.
ഡിസംബർ 5 നകം സംസ്ഥാനത്തുടനീളമുള്ള 82,000 വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ കേന്ദ്ര പോർട്ടലില്‍ അപ്ലോഡ് ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നല്‍കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ഏപ്രിലിലായിരുന്നു വഖഫ് ഭേദഗതി നിയമം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.
വ്യാഴാഴ്ച വൈകുന്നേരം എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും അയച്ച കത്തില്‍, പശ്ചിമ ബംഗാള്‍ ന്യൂനപക്ഷ വികസന വകുപ്പ് സെക്രട്ടറി പി.ബി. സലിം, സംസ്ഥാനത്തിന്റെ വഖഫ് സ്വത്തുക്കളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര പോർട്ടലില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്ലോഡ് ചെയ്യണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് നിയമം പ്രാബല്യത്തില്‍ വരാൻ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ ബില്‍ അവതരിപ്പിച്ചതിനുശേഷം സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു.
നിയമം പാസാക്കി ദിവസങ്ങള്‍ക്ക് ശേഷം പൊതു പരിപാടിയില്‍ സംസാരിക്കവെ, വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വരാൻ താൻ അനുവദിക്കില്ലെന്നും ഭിന്നിപ്പിച്ച് ഭരിക്കാൻ ആരെയും സമ്മതിക്കില്ലെന്നും മമത പറഞ്ഞിരുന്നു. സംസ്ഥാനത്ത് 33 ശതമാനം മുസ്ലീങ്ങളുണ്ടെന്നും നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന അവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും മമത വ്യക്തമാക്കിയിരുന്നു.
മമത ബാനർജിയുടെ നേതൃത്വത്തില്‍ ടിഎംസി സർക്കാർ നിയമത്തിനെതിരെ കോടതിയില്‍ പോയെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഭേദഗതി ചെയ്ത നിയമത്തിലെ സെക്ഷൻ 3 ബി പ്രകാരം രാജ്യത്തുടനീളമുള്ള എല്ലാ രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കളുടെയും വിവരങ്ങള്‍ ആറു മാസത്തിനുള്ളില്‍ (ഡിസംബർ 5) സെൻട്രല്‍ പോർട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നായിരുന്നു നിർദേശം.
