എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു : കെസി വേണുഗോപാല്‍ എംപി

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്.പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച്‌ നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *