ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ നടൻ ദുല്‍ഖർ സല്‍മാനെ ഇഡി കൊച്ചിയിലേക്ക് വിളിപ്പിച്ചു.
ചെന്നൈയില്‍ നിന്നും താരം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തി. എളംകുളത്തെ വീട്ടിലേക്കാണ് ദുല്‍ഖർ എത്തുന്നത്.
നടന്മാരായ ദുല്‍ഖർ സല്‍മാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ അടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.
ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് എടുത്തതിനെ പിന്നാലെ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. പിന്നാലെയാണ് താരങ്ങളുടെ അടക്കം വീട്ടിലെ റെയ്ഡ്. ഫെമ നിയമലംഘനങ്ങളും ഹവാലാ ഇടപാടുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. ദുല്‍ഖറിൻറെ മൂന്ന് വീടുകളിലാണ് പരിശോധന. പൃഥ്വിരാജിൻറെ തേവരയിലെ ഫ്‌ലാറ്റിലും അമിത് ചക്കാലക്കലിൻറെ കൊച്ചിയിലെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്ത ശേഷം ഇസിഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം.
ദുല്‍ഖർ സല്‍മാൻറെ ചെന്നൈയിലെ നിർമാണ കമ്ബനിയിലും വാഹനക്കടത്ത് സംഘം സജീവമാണെന്ന് കണ്ടെത്തിയ കസ്റ്റംസ് കോയമ്ബത്തൂരും പരിശോധന നടത്തുന്നുണ്ട്. താരങ്ങള്‍ക്ക് പുറമേ വാഹന ഡീലർമാരുടെ വീടുകളും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തൃശൂർ പാലിയേക്കരയിലുള്ള ബാഡ് ബോയ് എന്ന ആഡംബര വാഹന സ്ഥാപനത്തിലും കോഴിക്കോട് തൊണ്ടയാടുള്ള കാർ ഷോറൂമിലും ഇടുക്കി അടിമാലിയിലെ ഗാരേജിലും ഇടി പരിശോധന നടത്തുന്നുണ്ട്. അടിമാലിയിലെ ഗാരേജില്‍ നിന്നും നേരത്തെ തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ കാർ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കഴിഞ്ഞ മാസമാണ് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളില്‍ ദുല്‍ഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ താരങ്ങളുടെയും മറ്റ് ചിലരുടേയും വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തി വാഹനങ്ങള്‍ പിടിച്ചെടുത്തത്. രണ്ട് ഘട്ടമായി ദുല്‍ഖറിന്റെ രണ്ട് വാഹനമാണ് പിടിച്ചെടുത്തത്. നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും അത് പരിശോധിക്കാതെ കസ്റ്റംസ് വാഹനം കൊണ്ടുപോയെന്നുമാണ് ദുല്‍ഖർ ഹരജിയില്‍ പറയുന്നത്.