വിധിയെഴുതി നിലമ്ബൂര്‍; വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനം കടന്ന് പോളിംഗ്

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 70.76 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ഇന്ന് രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് ആറ് മണിയോടെയാണ് അവസാനിച്ചത്. കനത്ത മഴയിലും ആവേശത്തോടെയാണ് വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്. പൊതുവേ സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലമ്ബൂരിലെ ആദിവാസി മേഖലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.

വോട്ടെടുപ്പ് ആരംഭിച്ചതുമുതല്‍ മികച്ച ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥികള്‍. ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക തോന്നിയിട്ടില്ലെന്നും നാട് പകർന്ന് നല്‍കിയ ആത്മവിശ്വാസം ശക്തമായുണ്ടെന്നുമാണ് ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ് പ്രതികരിച്ചത്. വലിയ ഭൂരിപക്ഷം മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. മണ്ഡലം തിരിച്ച്‌ പിടിക്കും. യുഡിഎഫിന് തൊട്ടുപിന്നില്‍ വരുന്ന സ്ഥാനാർത്ഥി എല്‍ഡിഎഫായിരിക്കും. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.

വോട്ടെടുപ്പിനിടെ നിലമ്ബൂരില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മില്‍ സംഘർഷവുമുണ്ടായി. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്ബലങ്ങോട് ഗവണ്‍മെന്റ് യുപി സ്കൂളില്‍ സജ്ജീകരിച്ച 127, 128 ,129 ബൂത്തുകളിലാണ് പ്രവർത്തകർ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. കുറമ്ബലങ്ങോട് മണ്ഡലത്തിന് പുറത്ത് നിന്നുള്ള എല്‍ഡിഎഫ് പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നായിരുന്നു യുഡിഎഫ് ആക്ഷേപം. യുഡിഎഫ് പ്രവർത്തകരുടെ പരാതിയില്‍ രണ്ട് എല്‍ഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ഡലത്തിന് പുറത്തു നിന്നും എത്തിയ സിപിഎം പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.

പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഹോംവോട്ടിംഗ് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16ന് പൂർത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. 23നാണ് വോട്ടെണ്ണല്‍.

ആകെ 2,32,384 വോട്ടർമാരാണ് നിലമ്ബൂരില്‍ ഉള്ളത്. പുരുഷ വോട്ടർമാർ 1,13,613. വനിതാ വോട്ടർമാർ 1,18,760, ട്രാൻസ്‌ജെൻഡർ വോട്ടർമാർ എട്ട്, ഇതില്‍ 7787 പേർ പുതിയ വോട്ടർമാരാണ്. പ്രവാസി വോട്ടർമാർ 373, സർവീസ് വോട്ടർമാർ 324. സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര സേനയെയും ബൂത്തുകളില്‍ സജീകരിച്ചിരുന്നു.

ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42ാം നമ്ബർ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്ബുഴ ഫോറസ്റ്റ് സ്റ്റേഷൻ 120ാം നമ്ബർ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റർ 225ാം നമ്ബർ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഏഴു മേഖലകളിലായി 11 പ്രശ്ന സാദ്ധ്യതാ ബൂത്തുകളുണ്ടായിരുന്നു. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വൻ സുരക്ഷാ സംവിധാനമൊരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *