സംസ്ഥാനത്ത് നേരിടുന്ന വന്യമൃഗ ആക്രമണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ”കാട്ടാന ആക്രമിച്ചുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പതിവായി കേള്‍ക്കുന്നതു നിരാശാജനകമാണ്.
ആശ്വാസ വാക്കുകളോ ധനസഹായമോ മരിച്ചവരുടെ ഉറ്റവര്‍ക്കുണ്ടാകുന്ന വലിയ നഷ്ടത്തിന് പരിഹാരമാവില്ല. വന്യമൃഗങ്ങളുടെ നിരന്തരമായ ഭീഷണി മൂലം ഹൈറേഞ്ചുകളിലും വനമേഖലകളിലും ജനങ്ങള്‍ മരണഭീതിയിലാണ്”- ജസ്റ്റിസ് സി.എസ്.ഡയസ് പറഞ്ഞു.
പട്ടികവര്‍ഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികള്‍ നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടു പോയില്ല. കോടതിയുടെ വിവിധ നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളും ഉണ്ടായിട്ടും പ്രശ്നം മാറ്റമില്ലാതെ തുടരുകയാണ്. 2019 മുതല്‍ 2024 വരെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് 555 പേര് മരിച്ചെന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ അമിക്കസ് ക്യൂറിമാരെ നിയോഗിച്ച ഹൈക്കോടതി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികള്‍ ആളുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും നിര്‍ദേശിച്ചു
വനാതിര്‍ത്തികളില്‍ വൈദ്യുതി വേലിയടക്കമുള്ളവ എത്രയും വേഗം സ്ഥാപിക്കണമെന്ന് 2022 സെപ്റ്റംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിനുശേഷം എടുത്ത നടപടികളെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്കി. മനുഷ്യ-വന്യമൃഗ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരാതികളും നിര്‍ദേശങ്ങളും അറിയിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സര്‍വേ നടത്തണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികള്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. അതിനുശേഷം റിപ്പോര്‍ട്ട് നല്‍കാനും ലീഗല്‍ സര്‍വീസസ് അതോറിറ്റിയോടു കോടതി നിര്‍ദേശിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേര്‍ത്ത കോടതി മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശം നല്കി. വിഷയത്തില്‍ നിഷ്ക്രിയമായി തുടരാനാവില്ലെന്നും കോടതി വ്യക്തമാക്കി.