മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ ഒറ്റയാള്‍ സമരം നടത്തുന്ന സാമൂഹിക പ്രവര്‍ത്തക വി പി സുഹറയുടെ അനിശ്ചിതകാല നിരാഹാര സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ഫോണില്‍ സംസാരിച്ച പശ്ചാത്തലത്തിലാണ് നിരാഹാരസമരം അവസാനിപ്പിച്ചത്.
കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയവും നിയമ മന്ത്രാലയവുമായി കൂടികാഴ്ച്ചക്ക് അവസരമൊരുക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. 3 ദിവസം കൂടി ഡല്‍ഹിയില്‍ തുടരും, അതിനിടെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രിയങ്ക ഗാന്ധി എംപിയെ കണ്ട് പിന്തുണ തേടുമെന്നും സുഹറ മാധ്യമങ്ങളോട് വ്യക്തമാക്കി.
മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതിനു വേണ്ടിയാണ് വി പി സുഹറ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. രാവിലെ 10 മണിക്ക് ജന്തര്‍ മന്ദറില്‍ ആരംഭിച്ച ഒറ്റയാള്‍ സമരത്തിന് ഉച്ചയ്ക്ക് ഒരു മണി വരെയാണ് പൊലീസ് അനുമതി നല്‍കിയത്.ഒരു മണിയോടെ പൊലീസ് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും, ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്മാറില്ലെന്ന് സുഹറ വ്യക്തമാക്കി. 3.30 പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് എത്തി വിപി കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം ക്രൂരതയാണെന്നും അതുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കം വളരെയധികം പ്രയാസം നേരിടുന്നുണ്ടെന്നും പിന്തുടര്‍ച്ചാവകാശം തുല്യമായിരിക്കണമെന്നും നിശബ്ദമാക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും വിപി സുഹറ കൂട്ടിച്ചേര്‍ത്തു. അവനവന്‍ അധ്വാനിച്ചുണ്ടാക്കുന്ന സ്വത്തുക്കള്‍ പോലും അവരവര്‍ക്ക് നല്‍കനോ എഴുതി കൊടുക്കാനോ ഉള്ള വില്‍പത്രം വെക്കാനുള്ള അവകാശം പോലും മുസ്ലീം സ്ത്രീകള്‍ക്കില്ലെന്നും സുഹറ പറഞ്ഞു.
അതേസമയം, വി പി സുഹറ ഉന്നയിച്ച വിഷയം കേന്ദ്ര മന്ത്രിമാരുമായി സംസാരിച്ച് തുടര്‍ സാധ്യതകള്‍ തേടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു. സുഹറയെ നേരില്‍ കണ്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.