തനിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ കേരളാ പൊലീസ് അറസ്റ്റ് ചെയ്ത വ്യവസായിയും ചാരിറ്റി പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിനെ ഇന്നു കോടതിയിൽ ഹാജരാക്കും. മേപ്പാടിയിലെ ബോച്ചെ ആയിരമേക്കർ എസ്റ്റേറ്റിൽ നിന്നു പുറത്തേക്ക് വരുമ്പോൾ വാഹനം വളഞ്ഞാണ് എറണാകുളം സെൻട്രൽ പൊലീസ് ബോബിയെ അറസ്റ്റ് ചെയ്തത്. രാത്രി ഏഴരയോടെയാണ് സ്റ്റേഷനിൽ എത്തിച്ചത്. രാത്രി സ്റ്റേഷനിൽ കഴിയേണ്ടി വന്നു. ഇന്നു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. രാമൻ പിള്ള അസോസിയേറ്റ്സ് ആണ് ബോബിയുടെ അഭിഭാഷകർ.
ലൈംഗിക അതിക്രമത്തിനും അധിക്ഷേപത്തിനും ഭാരതീയ ന്യായ സംഹിതയിലെയും ഐ ടി നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസ്.
എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ ഹണി റോസ് ഇന്നലെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്നു പൊലീസ് തീരുമാനിക്കും. ബോബി ചെമ്മണ്ണൂരിന് പുറമെ മുപ്പതോളം പേർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചതായി ഹണി റോസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതിൽ കേസ് രജിസ്റ്റർ ചെയ്തു പൊലീസ് നടപടി തുടരുകയാണ്.
ഹണി റോസിന്റെ പരാതിക്ക് ആധാരമായ ബ്രാഞ്ച് ഉൽഘാടനം നടന്നത് നാലു മാസം മുൻപാണെന്നും ഇപ്പോൾ പരാതി നൽകിയതിൽ അസ്വഭാവികത ഉണ്ടെന്നും ബോബി പൊലീസിന് മൊഴി കൊടുത്തതായാണ് അറിവ്. മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും അമ്മ സംഘടനയും നിരവധി ഫെമിനിസ്റ്റ് ഗ്രൂപ്പുകളും ഹണി റോസിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.