മമ്മൂട്ടി ചിത്രം ‘കാതല്‍ – ദ് കോര്‍’ റിലീസിന് ഖത്തര്‍, കുവൈത്ത്, ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായികയായി എത്തുന്നത്. നവംബര്‍ 23 ന് ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് ചില രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
ചിത്രത്തിന്റെ ഉള്ളടക്കമാണ് പ്രദര്‍ശന വിലക്കിന് കാരണം. സ്വവര്‍ഗരതിയെക്കുറിച്ചും സ്വവര്‍ഗാനുരാഗത്തെ കുറിച്ചുമാണ് കാതല്‍ പറയുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇത്തരം വിഷയങ്ങളുടെ പ്രചാരണത്തെ നിരുത്സാഹപ്പെടുത്തുന്ന കര്‍ശന നിയമങ്ങള്‍ കാരണമാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
അതേസമയം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തി വിലക്ക് നീക്കാനുള്ള ശ്രമം നടത്തിവരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യുഎഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം ഈ മാസം 23ന് തന്നെ റിലീസാകും. ഇതിനകം കാതലിന്റെ പ്രദര്‍ശന സമയം യുഎഇ വോക്സ് സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ 2022 ലെ ആക്ഷന്‍ ത്രില്ലര്‍ ‘മോണ്‍സ്റ്റര്‍’ എല്‍ജിബിടിക്യു ഉള്ളടക്കത്തിന്റെ പേരില്‍ ഒന്നിലധികം രാജ്യങ്ങളില്‍ വിലക്കിയിരുന്നു.