വര്‍ഷങ്ങള്‍ക്കുശേഷം കേരളമല്ലാതെ മറ്റൊരു സംസ്ഥാനത്തും സിപിഎം മന്ത്രി

നീണ്ട വർഷങ്ങള്‍ക്കുശേഷം കേരളമല്ലാതെ മറ്റൊരു സംസ്ഥാനത്തും സിപിഎം മന്ത്രിവരുന്നു. കാശ്മീരില്‍ നിന്ന് വിജയിച്ച സിപിഎം അംഗം മുഹമ്മദ് യൂസുഫ് തരിഗാമി നാഷണല്‍ കോണ്‍ഫറൻസ് മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

സിപിഎം കേന്ദ്ര നേതൃത്വവുമായി നാഷണല്‍ കോണ്‍ഫറൻസ് ചർച്ച തുടങ്ങി. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. തരിഗാമി മന്ത്രിയാവുകയാണെങ്കില്‍ രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിനൊപ്പം വടക്കേ അറ്റത്തുള്ള കാശ്മീരിലും സിപിഎമ്മിന് മന്ത്രിയുണ്ടാവും.

കാശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തരിഗാമി വിജയിച്ചത്. 1996ലാണ് കുല്‍ഗാമില്‍നിന്ന് തരിഗാമി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വർഷങ്ങളിലും ജയം ആവർത്തിച്ചു. കാശ്മീരിലെ ഏറ്റവും ശക്തനായ നേതാവായാണ് എഴുപത്തിമൂന്നുകാരനായ തരിഗാമിയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ അവസരത്തില്‍ അദ്ദേഹം മാസങ്ങളോളം വീട്ടുതടങ്കലിലായിരുന്നു. സുപ്രീംകോടതിയുടെ അനുമതിയാേടെ അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചത് ദേശീയ തലത്തില്‍ തന്നെ വലിയ വാർത്തയായിരുന്നു.

അതിനിടെ, ജമ്മുകാശ്‌മീരില്‍ സർക്കാർ രൂപീകരിക്കാനാെരുങ്ങുന്ന നാഷണല്‍ കോണ്‍ഫറൻസിന് ആത്മവിശ്വാസം നല്‍കി നാല് സ്വതന്ത്രൻമാരുടെ പിന്തുണ ലഭിച്ചു. ചപ്യാരെ ലാല്‍ ശർമ്മ(ഇൻഡെർവാള്‍), സതീഷ് ശർമ്മ(ഛംബ്), ചൗധരി മുഹമ്മദ് അക്രം(സുരൻകോട്ട്), ഡോ രാമേശ്വർ സിംഗ്(ബാനി) എന്നിവരാണ് പിന്തുണ അറിയിച്ചത്. ഇതോടെ ആറു സീറ്റുകളുള്ള കോണ്‍ഗ്രസിന് സർക്കാരിലുള്ള പിടി കുറയും.

നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് ഇനി കോണ്‍ഗ്രസ് പിന്തുണയില്ലാതെയും സർക്കാർ രൂപീകരിക്കാം. 90 അംഗ സീറ്റില്‍ കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ആവശ്യം. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നാമനിർദ്ദേശം ചെയ്യുന്ന അഞ്ചു പേരെ കൂടാതെയാണിത്. 42 സീറ്റുകളുള്ള നാഷണല്‍ കോണ്‍ഫറൻസിന് ആറു സീറ്റുകളുള്ള കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമായിരുന്നു. സ്വതന്ത്രരുടെ പിന്തുണ ഉറപ്പായതിനാല്‍ കോണ്‍ഗ്രസ് സർക്കാരില്‍ വലിയ ഘടകമല്ലാതായി മാറും. ഒരു സീറ്റുള്ള സി.പി.എമ്മിന്റെ പിന്തുണയുണ്ട്.

ഇന്നലെ ചേർന്ന നാഷണല്‍ കോണ്‍ഫറൻസ് നിയമസഭാ കക്ഷി യോഗം ഒമർ അബ്‌ദുള്ളയെ നേതാവായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്, സി.പി.എം, സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണ കത്തുമായി ലെഫ്റ്റന്റ് ഗവർണർ മനോജ് സിൻഹയെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന് ഒമർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *