ശ്രുതി ആശുപത്രി വിട്ടു: ദുരന്തത്തിന്റെ ഉയര്‍ത്തെഴുന്നേറ്റ മുഖമെന്ന് ടി സിദ്ധിഖ് എംഎല്‍എ

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രുതി ആശുപത്രി വിട്ടു. വലിയ പരിക്കായിരുന്നുവെന്നും ഡോക്ടര്‍മാരുടെ മികച്ച പരിചരണം തനിക്ക് ലഭിച്ചെന്നും ശ്രുതി പ്രതികരിച്ചു.

മുണ്ടേരിയിലെ വീട്ടിലേക്കാണ് ശ്രുതി മാറുന്നത്. ഇനിയെന്റെ അച്ഛനും അമ്മയുമെല്ലാം സിദ്ദിക്കിക്കയാണെന്ന് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കൊരു കുറവും വരുത്തിയില്ലെന്നും സഹോദരനെ പോലെയാണ് ടി സിദ്ധിഖ് കൂടെ നിന്നതെന്നും ശ്രുതി പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിൻ്റെ ഉയിർത്തെഴുന്നേല്‍പ്പിൻ്റെ മുഖമായി ശ്രുതിയെ മാറ്റിയെടുക്കുമെന്നും ടി സിദ്ധിഖ് വ്യക്തമാക്കി.

ആശുപത്രിയില്‍ ആരോഗ്യപ്രവ‍ർത്തകർ നന്നായിപരിചരിച്ചുവെന്ന് ശ്രുതി പറഞ്ഞു. അച്ഛൻ്റെ സഹോദരൻ്റെ മുണ്ടേരിയിലെ വീട്ടിലേക്കാണ് പോവുന്നതെന്നും ഇനി വിശ്രമത്തില്‍ തുടരുമെന്നും ശ്രുതി പറഞ്ഞു. ഇരു കാലിലും ഒടിവും ചതവുമേറ്റ ശ്രുതിക്ക് ഇടതുകാലിലാണ് ശസ്ത്രക്രിയ നടത്തിയത്.

ശ്രുതിയുടെ ഡിസ്‌ചാർജുമായി ബന്ധപ്പെട്ട് ടി സിദ്ധിഖ് എംഎല്‍എ സ്ഥലത്തെത്തി. രാഹുല്‍ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം മല്ലു രവി എന്ന വ്യക്തി ശ്രുതിയുടെ ചികിത്സാ ചെലവ് വഹിച്ചെന്നും, ശ്രുതിക്ക് നാളെ തന്നെ വർക്ക് ഫ്രം ഹോം ചെയ്യാൻ ലാപ്ടോപ് വീട്ടില്‍ എത്തിച്ച്‌ നല്‍കുമെന്നും അദ്ദേഹം പറ‌ഞ്ഞു.

കല്‍പ്പറ്റയില്‍ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തില്‍ ആയിരുന്നു ശ്രുതിക്കും പ്രതിശ്രുത വരന്‍ ജെന്‍സനും അടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച വാനില്‍ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. ചികിത്സയിലായിരുന്ന ജെന്‍സന്‍ പിന്നീട് മരണത്തിന് കീഴടങ്ങി.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്നു ശ്രുതി. ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, സഹോദരി ശ്രേയ, അമ്മമ്മ അടക്കമുള്ളവരെ നഷ്ടപ്പെട്ടിരുന്നു. കോഴിക്കോടായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രിയപ്പെട്ടവരെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെന്‍സനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *