മോട്ടോര്‍ വാഹനങ്ങളില്‍ കൂളിംഗ് ഫിലിം പതിപ്പിക്കുന്നതിലെ വിലക്കില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി.
വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി കൂളിംഗ് ഫിലിം പതിപ്പിക്കാം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. ഇതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതര്‍ക്ക് അവകാശമില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.
മോട്ടോര്‍ വാഹനങ്ങളില്‍ കൂളിംഗ് ഫിലിം പതിപ്പിക്കുന്നതിലെ വിലക്ക് ചോദ്യം ചെയ്ത് കൂളിംഗ് ഫിലിം നിര്‍മിക്കുന്ന കമ്ബനി, കൂളിംഗ് ഫിലിം ഒട്ടിച്ചതിന് പിഴ ലഭിച്ച വാഹന ഉടമ, സണ്‍ കണ്ട്രോള് ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരില്‍ രജിസ്ട്രേഷന് റദ്ദാക്കും എന്ന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്കിയ സ്ഥാപനം തുടങ്ങിയവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഈ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. 1989-ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ ചുവട് പിടിച്ച് 2012-ലാണ് വാഹനങ്ങളില്‍ സണ്‍ഫിലിം പാടില്ലെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നത്. സണ്‍ഫിലിമോ നിറമുള്ള ഗ്ലാസോ ഉപയോഗിക്കുന്നത് വാഹനങ്ങള്‍ക്ക് ഉള്ളിലുള്ള കാഴ്ച തടസ്സപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
ഇതിന് പിന്നാലെ സംസ്ഥാനത്ത് കര്‍ശന നടപടിയാണ് കൂളിംഗ് ഫിലിം പതിപ്പിക്കുന്നവര്‍ക്കെതിരെ എംവിഡി സ്വീകരിച്ചിരുന്നത്. എന്നാല്‍ 2021 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടര്‍ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി പ്രകാരം മോട്ടോര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം ‘സേഫ്റ്റി ഗ്ലേസിങ്’ കൂടി ഉപയോഗിക്കുന്നത് അനുവദനീയമാണ് എന്ന് ഹൈക്കോടതി വ്യക്തമാക്കി.
ബി ഐ എസ് 2019 ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും മുന്നിനും പിന്നിലും 70 ശതമാനവും വശങ്ങളില് 50 ശതമാനവും സുതാര്യത വേണം എന്നാണ് ഭേദഗതി ചട്ടങ്ങള്‍ പറയുന്നത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതിനാല്‍ ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണ് എന്ന് കോടതി വിധിക്കുകയായിരുന്നു. അതേസമയം ഇത്തരം ഫിലിമുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ട് എന്നായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം. എന്നാല്‍ നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുന്‍പുള്ളതായിരുന്നു എന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മാതാവിന് മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമയ്ക്ക് ഇല്ല എന്ന വാദവും എതിര്‍ഭാഗം ഉയര്‍ത്തിയെങ്കിലും അതും കോടതി തള്ളിക്കളഞ്ഞു. ചട്ടങ്ങള്‍ അനുസരിച്ചുള്ള സുതാര്യത ഉറപ്പ് വരുത്തുന്ന ഗ്ലേസിങ് വാഹന ഉടമയ്ക്ക് നിലനിര്‍ത്താം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
അതോടൊപ്പം ആലപ്പുഴയിലെ സ്ഥാപനത്തിന് രജിസ്ട്രേഷന് റദ്ദാക്കുമെന്ന് കാണിച്ച് എംവിഡി നല്കിയ നോട്ടിസും ഫിലിം ഒട്ടിച്ചതിന് വാഹന ഉടമയ്ക്ക് പിഴ ചുമത്തിയ നടപടിയും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.