രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം ഒഴിയണം: കോണ്‍ഗ്രസ്

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെത്തുടർന്ന് വെട്ടിലായി സംസ്ഥാന സർക്കാർ.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. പദവിയില്‍ നിന്ന് മാറ്റി നിർത്തണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടത്.

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ വ്യക്തികളുടെ പേര് ഇല്ലാത്തത് കൊണ്ട് കേസെടുക്കാൻ നിയമ തടസം ഉണ്ടെന്നായിരുന്നു സാംസ്‌കാരിക മന്ത്രി അടക്കം പറഞ്ഞത്. നടി ശ്രീലേഖ മിത്ര പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.

2009-2010 സമയത്ത് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോഴാണ് മോശമായി പെരുമാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു രാത്രി മുഴുവനും ഹോട്ടലില്‍ പേടിച്ചാണ് താമസിച്ചതെന്നും ശ്രീലേഖ പറഞ്ഞു. ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നെങ്കിലും ആരും പിന്നീട് തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. മോശം പെരുമാറ്റം എതിർത്തതിനാല്‍ ആ സിനിമയിലും മറ്റ് സിനിമകളിലൊന്നിലും അവസരം നല്‍കിയില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

അതേസമയം, ശ്രീലേഖ മിത്രയുടെ ആരോപണം രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് പരിഗണിക്കാതെയിരുന്നതെന്നുമാണ് രഞ്ജിത്ത് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *