യമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാർ ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട ഹർജി ഡൽഹി ഹെെകോടതിയുടെ പരിഹണനയിൽ എത്തിയത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയാണ് ഇതുമായി ബന്ധപ്പെട്ട് ഹർജി സമർപ്പിച്ചത്. യെമനിലേക്ക് പോകാൻ ഞങ്ങളെ അനുവദിക്കണം അതിന് വേണ്ടിയുള്ള സൗകര്യങ്ങൾ സർക്കാർ അനുവദിക്കണം എന്നിവയാണ് നിമിഷ പ്രിയയുടെ അമ്മ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഏഴു ദിവസത്തിനകം കേന്ദ്രം ഇതിൽ തീരുമാനം എടുക്കണമെന്നാണ് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ഹർജി പരിഗണിച്ചപ്പോഴാണ് നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയത് എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും നിമിഷപ്രിയയുടെ അമ്മയെയോ മറ്റ് കുടുംബാംഗങ്ങളെയോ സർക്കാർ അറിയിച്ചിട്ടില്ല. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ആണ് നിമിഷ പ്രിയ എന്ന മലയാളി നഴ്സ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്നത്. നിമിഷ പ്രിയ ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു.
സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ കത്താണ് നിമിഷ പ്രിയ പ്രധാനമന്ത്രി മോദിക്കും രാഷ്ട്രപതിക്കും കെെമാറിയിരുന്നത്.