കണ്ടെത്താനുളളത് 206 പേരെ, പുഞ്ചിരിമട്ടവും ചാലിയാറും കേന്ദ്രീകരിച്ച്‌ തെരച്ചില്‍; 30 കുരുന്നുകള്‍ മരിച്ചെന്ന് സ്ഥിരീകരണം

വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുളള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

മുണ്ടക്കൈയും പുഞ്ചിരിമട്ടവും ചാലിയാറും കേന്ദ്രീകരിച്ചാണ് ഇന്നത്തെ രക്ഷാപ്രവർത്തനം നടക്കുന്നത്. രക്ഷാദൗത്യത്തിന് റഡാർ ഉള്‍പ്പടെയുളള ആധുനിക ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. അതേസമയം, ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 344 ആയി. ദുരന്തത്തില്‍ ഇതുവരെയായി 30 കുട്ടികള്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

146 പേരുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങള്‍ ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. 206 പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. 82 പേർ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. 91 ദുരിതാശ്വാസ ക്യാമ്ബുകളിലായി 9328 പേർ കഴിയുന്നുണ്ട്.

അതേസമയം, നടനും ലഫ്. കേണലുമായ മോഹൻലാല്‍ വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചു. ടെറിട്ടോറിയല്‍ ആർമി ലഫ്. കേണല്‍ ആണ് മോഹൻലാല്‍. സൈനിക യൂണിഫോമില്‍ മേജർ രവിക്കൊപ്പമാണ് അദ്ദേഹം എത്തിയത്. മുംബയില്‍ നിന്ന് ഇന്ന് രാവിലെയാണ് മോഹൻലാല്‍ നാട്ടിലെത്തിയത്. തുടർന്ന് വയനാട്ടിലേക്ക് പോകുകയായിരുന്നു.

ബെയ്‌ലി പാലത്തിലൂടെ ദുരന്തഭൂമിയില്‍ കഴിഞ്ഞ ദിവസം സൈന്യത്തിന്റെ നേതൃത്വത്തില്‍ എത്തിയ രക്ഷാപ്രവർത്തകർ നാല്‍പ്പത് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തിയത്. 640 പേരാണ് തെരച്ചിലില്‍ പങ്കെടുക്കുന്നത്. ദുരന്തഭൂമിയെ ആറ് മേഖലകളായി തിരിച്ചായിരുന്നു തെരിച്ചില്‍. പട്ടാളം,എൻ.ഡി.ആർ.എഫ്, ഡി.എസ്.ജി, കോസ്റ്റ് ഗാർഡ്, നേവി, എം.ഇ.ജി ഉള്‍പ്പെടെയുള്ള സംയുക്ത സേനയാണ് തെരച്ചില്‍ നടത്തിയത്.

ഓരാേ ടീമിലും പ്രദേശവാസിയും വനം വകുപ്പ് ജീവനക്കാരനും ഉണ്ടായിരുന്നു. കേരള പൊലീസിന്റെ കെ.9 സ്‌ക്വാഡില്‍ പെട്ട മൂന്ന് നായകളും കരസേനയുടെ കെ 9 സ്‌ക്വാഡില്‍ പെട്ട മൂന്നു നായകളും ദൗത്യത്തിലുണ്ട്. സൈന്യത്തിന്റെ പരിശീലനം നേടിയ നായകളും തെരച്ചലിന് ഒപ്പം കൂടി. ഇന്ത്യൻ സേനയുടെ ഇലക്‌ട്രോണിക്സ് ആൻഡ് മെക്കാനിക്കല്‍ എൻജിനിയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ്, മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ് എന്നിവയില്‍ നിന്നുള്ളവരാണ്സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *