പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചോര്‍ച്ചയില്‍ മന്ദിരം രൂപകല്പന ചെയ്ത ബിമല്‍ പട്ടേലിനോട് ലോക്‌സഭാ സ്പീക്കര്‍ വിശദീകരണം തേടി.
ഗുജറാത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ പട്ടേല്‍ നടപ്പാക്കിയിട്ടുണ്ട്.
വിഷയം സഭയില്‍ ഉന്നയിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം. മഴയത്ത് പാര്‍ലമെന്റ് ലോബിയിലെ ചോര്‍ച്ച വലിയ ചര്‍ച്ചയായിരുന്നു. 2600 കോടി ചെലവില്‍ നിര്‍മ്മിച്ച മന്ദിരം 150 കൊല്ലമെങ്കിലും നിലനില്‍ക്കുമെന്നായിരുന്നു അവകാശവാദം. ചോര്‍ച്ചയ്ക്കിടയാക്കിയ സാങ്കേതിക പ്രശ്‌നം പരിഹരിച്ചെന്നാണ് ലോക്‌സഭ സെക്രട്ടറിയേറ്റ് നല്കിയ വിശദീകരണം.
കനത്ത മഴയില്‍ ദില്ലിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് ചോര്‍ച്ചയുണ്ടായത്. എംപിമാരുടെ ലോബിയുടെ അകത്ത് മഴവെള്ളം വീഴുന്നതിന്റെയും, ഉദ്യോഗസ്ഥര്‍ ബക്കറ്റില്‍ ചോരുന്ന വെള്ളം ശേഖരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രതിപക്ഷ എംപിമാര്‍ പങ്കുവച്ചതോടെ വലിയ നാണക്കേടായി.
കോടിക്കണക്കിന് രൂപ ചെലവിട്ട് നിര്‍മ്മിച്ച പാര്‍ലമന്റ് മന്ദിരം ഇത്തരത്തില്‍ ചോരുകയാണെങ്കില്‍ മഴക്കാലത്ത് സഭാസമ്മേളനം പഴയ മന്ദിരത്തിലേക്ക് മാറ്റണമെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു.