സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും മുൻ തളിപ്പറമ്ബ് മണ്ഡലം എം.എല്‍.എയുമായ സി.കെ.പി പത്മനാഭൻ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കാതെ സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം.
മുൻ ഡി.വൈ.എഫ്.ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസിന് ശേഷം ഗുരുതര ആരോപണങ്ങളുമായി മറ്റൊരു നേതാവ് കൂടി മാധ്യമങ്ങള്‍ക്കു മുൻപില്‍ പരസ്യമായി രംഗത്തുവന്നത് സി.പി.എം അണികളിലും ചർച്ചയായിട്ടുണ്ട്.
നിലവില്‍ സി.കെ.പി മാടായി ഏരിയാ കമ്മിറ്റി അംഗമായതിനാല്‍ വിഷയത്തെ കുറിച്ചു പാർട്ടി യുടെ സംഘടനാരീതിയനുസരിച്ച് പുറത്ത് പ്രതികരിക്കാൻ തയ്യാറാകാൻ സാധ്യത കുറവാണ് എന്നാല്‍ തന്നെ രോഗിയാക്കിയത് പാർട്ടി അച്ചടക്ക നടപടിയെടുത്തതു കാരണമാണെന്നും പാർട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്നുമുള്ള സി.കെ. പി യുടെ പ്രതികരണം പാർട്ടി സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിക്കേറ്റ തിരിച്ചടി പ്രകൃതി നിയമമാണെന്നും അതില്‍ താൻ സന്തോഷിക്കുന്നു വെന്ന സി.കെ.പിയുടെ തുറന്നു പറച്ചില്‍ നേതാക്കളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
പാർട്ടി അന്വേഷണം നടത്തി കുറ്റവിമുക്തനാക്കിയ പി.ശശിക്കെതിരെയുള്ള ആരോപണം തള്ളിക്കളയാൻ കഴിയില്ലെന്ന സി.കെ. പിയുടെ അഭിപ്രായ പ്രകടനം പാർട്ടി തീരുമാനം അംഗീകരിക്കാത്തതിൻ്റെ തെളിവാണെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിൻ്റെ ക്ഷീണം മറയ്ക്കാൻ തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കി വരുന്നതിനിടെയാണ് മുൻ സംസ്ഥാന കമ്മിറ്റിയംഗം തന്നെ തനിക്ക് നീതി കിട്ടിയില്ലെന്ന പരാതിയുമായി പരസ്യമായി രംഗത്തുവന്നത്. പാർട്ടി അംഗത്തിന് പോലും പരസ്യമായി പ്രതികരിക്കാൻ അനുമതി നല്‍കാത്ത പാർട്ടിയാണ് സി.പി.എം. ഈ സാഹചര്യത്തില്‍ മാടായി ഏരിയാ കമ്മിറ്റി അംഗമായ സി.കെ.പി പാർട്ടിക്കെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് വിലയിരുത്തുന്നത്.
അതു കൊണ്ടു തന്നെ അച്ചടക്കനടപടി അനിവാര്യമാണെന്ന ആവശ്യം പാർട്ടിക്കുള്ളില്‍ ഉയർന്നിട്ടുണ്ട്. മാടായി ഏരിയാ കമ്മിറ്റി യോഗം അടിയന്തിരമായിവിളിച്ചു ഈ കാര്യം ചർച്ച ചെയ്യുമെന്നാണ് സി.പി.എമ്മില്‍ നിന്നും ലഭിക്കുന്ന വിവരം പുകഞ്ഞ കൊള്ളിയായ സി.കെ. പി അകത്തോ പുറത്തോയെന്ന കാര്യം അപ്പോള്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.