100 കോടിയുടെ ഭൂമി കുംഭകോണക്കേസ്: തമിഴ്‌നാട് മുന്‍ മന്ത്രി കേരളത്തില്‍ അറസ്റ്റില്‍

100 കോടിയുടെ ഭൂമി കുംഭകോണക്കേസില്‍ തമിഴ്‌നാട് മുന്‍ മന്ത്രി എം ആര്‍ വിജയഭാസ്‌കര്‍ കേരളത്തില്‍ അറസ്റ്റില്‍.

100 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്ത കേസില്‍ എഐഎഡിഎംകെ ഭരണകാലത്ത് മന്ത്രിയായിരുന്ന വിജയഭാസ്‌കറെ തമിഴ്‌നാട് സിബിസിഐഡി ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത വകുപ്പാണ് വിജയഭാസ്‌കര്‍ കൈകാര്യം ചെയ്തിരുന്നത്.

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി അറസ്റ്റിനെ അപലപിച്ചു. സിവില്‍ കേസിലാണ് അറസ്റ്റ്. നടപടി രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് പറഞ്ഞ മുന്‍ മുഖ്യമന്ത്രി കൂടിയായ പളനിസ്വാമി വിജയഭാസ്‌കര്‍ നിയമപോരാട്ടത്തില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന 22 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്നതാണ് കേസ്. കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത വിജയഭാസ്‌കറെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് കരൂര്‍ ആസ്ഥാനമായുള്ള ഒരു വ്യവസായിയും സബ് രജിസ്ട്രാറും മുന്‍ മന്ത്രിക്കെതിരെ പൊലീസിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയും ഒടുവില്‍ വിജയഭാസ്‌കറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. ദിവസങ്ങള്‍ക്ക് മുമ്ബ് മുന്‍ മന്ത്രിയുമായി ബന്ധമുള്ള ചെന്നൈയിലെയും കരൂരിലെയും കെട്ടിടങ്ങളില്‍ സിബിസിഐഡി പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *