തിരുവോണത്തിൻറെ വരവറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് മലയാളികള്‍. അത്തം എത്തിയതോടെ മലയാളികള്‍ ഓരോരുത്തരും ഓണത്തെ വരവേല്‍ക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു.
അവസാനത്തെ ഓണപരീഷകള്‍ കൂടി തീർത്താല്‍ കുട്ടികളും ഓണാഘോഷത്തിൻ്റെ പൂർണാവേശത്തിലെത്തും.
അത്തം മുതല്‍ പത്തു ദിവസം പ്രാതലിനൊരുക്കുന്ന പഴനുറുക്കിൻ്റെയും കാച്ചിയ പപ്പടത്തിൻ്റെയും മണം കൂടിയാണ് ഓണം. മലയാളികളുടെ ആസ്വാദന ശീലവും താത്പര്യങ്ങളും മാറി. എങ്കിലും തനി മലയാളിയാക്കാൻ മലയാളി ഒരു ചെറിയ ശ്രമം നടത്തുന്ന സമയം കൂടിയാണ് ഓണക്കാലം. അതേസമയം, ലോകപ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്നാണ്. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തില്‍ ഓണാഘോഷം തുടങ്ങുന്നത്. രാവിലെ സ്പീക്കർ എഎൻ ഷംസീർ അത്തം നഗറില്‍ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചില പരിപാടികള്‍ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങള്‍ക്ക് മുടക്കമില്ല.
അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.