കനത്ത മഴയില്‍ കേരളത്തില്‍ വ്യാപക നാശനഷ്ടം. ചൊവ്വാഴ്ചത്തെ മഴയില്‍ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.
പാലക്കാട് കൊട്ടേക്കാട് വീടിൻ്റെ മതില് ഇടിഞ്ഞുവീണ് യുവതിയും മകനും മരിച്ചു. കൊടക്കുന്ന് സ്വദേശികളായ സുലോചന (53), മകൻ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ നാട്ടുകാർ തകർന്ന മതില് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് മതില് ഇടിഞ്ഞുവീണതെന്നാണ് കരുതുന്നത്.
മറ്റൊരു ദാരുണ സംഭവത്തില്‍ കണ്ണൂരില്‍ തുറന്ന കിണറ്റില്‍ വീണ് വയോധിക മരിച്ചു. കോളേരിയിലെ കുഞ്ഞാമിന (51) ആണ് കൊല്ലപ്പെട്ടത്.കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് തൃശൂർ ജില്ലയിലെ പെരിങ്ങല്‍കുത്ത് അണക്കെട്ടിൻ്റെ ഷട്ടറുകള്‍ തുറന്നു. ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയർന്നത്.
അതേസമയം പേപ്പാറ ഡാമിൻ്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ ഉയർത്തുമെന്നും അരുവിക്കര ഡാമിൻ്റെ ഷട്ടറുകള്‍ 60 സെൻ്റിമീറ്ററില്‍ നിന്ന് 90 സെൻ്റിമീറ്ററായി ഉയർത്തുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. പേപ്പാറ ഡാമിൻ്റെ ഷട്ടറുകള്‍ രാവിലെ ഒമ്ബതിന് തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ട് അണക്കെട്ടുകള്‍ക്ക് സമീപവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നല്കി.