‘ആസിഫ് അലിയെ അപമാനിച്ചിട്ടില്ല’:വിശദീകരണവുമായി രമേശ് നാരായണ്‍

മനോരഥങ്ങള്‍’ ആന്തോളജി സീരിസിന്റെ ട്രെയിലര്‍ റിലീസിനിടെ നടന്‍ ആസിഫ് അലിയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ രമേശ് നാരായണ്‍.

ഒരിക്കലും ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ആസിഫലിയാണ് അവാര്‍ഡ് തരുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു. കുറേ താരങ്ങള്‍ക്ക് നടുവില്‍നിന്ന് ആസിഫലി ഓടിവന്ന് പുരസ്‌കാരം തന്നു. ജയരാജ് അവിടെ വേണം എന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. അതിനാലാണ് അദ്ദേഹത്തെ ഞാന്‍ വേദിയിലേക്ക് വിളിച്ചത്. ഇതിനിടെ ആസിഫ് എങ്ങോ പോയി മറഞ്ഞു. ആസിഫും കൂടി അവിടെ ഉണ്ടായിരുന്നെങ്കില്‍ മൂവരും കൂടി ഒരു സ്‌നേഹപ്രകടനം ആകുമായിരുന്നു. അല്ലാതെ ഒരിക്കലും ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചതല്ല. ആസിഫ് എനിക്ക് പ്രിയപ്പെട്ടയാളാണ്. ആസിഫിന്റെ അഭിനയം എനിക്കേറെ ഇഷ്ടമാണ്. ആസിഫിനെ വിളിക്കാന്‍ ഇരിക്കുകയാണ്. തെറ്റുപറ്റിയെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കും. ദൈവസഹായം കൊണ്ട് എനിക്ക് എത്രയോ പുരസ്‌കാരം കിട്ടിയ ആളാണ് ഞാന്‍. പുരസ്‌കാരം ആഗ്രഹിച്ചല്ല അവിടെ പോയത്. എം.ടി വാസുദേവന്‍ നായരെ നമസ്‌കരിക്കണം എന്നാഗ്രഹിച്ചാണ് ഞാന്‍ അവിടെ പോയത്’ -രമേശ് നാരായണ്‍ പറഞ്ഞു.

എം.ടി. വാസുദേവന്‍ നായരുടെ ഒമ്ബത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങള്‍’ ആന്തോളജി സീരിസിന്റെ ട്രെയിലര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടന്‍ ആസിഫ് അലി ആയിരുന്നു പുരസ്‌കാരം നല്‍കുന്നത്. എന്നാല്‍, ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ രമേശ് നാരായണന്‍ വിമുഖത കാണിച്ചു. ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ ഒന്ന് മുഖത്തുനോക്കുകപോലും ചെയ്യാതെ അദ്ദേഹത്തില്‍നിന്ന് പുരസ്‌കാരം കൈപ്പറ്റിയ രമേശ്, പിന്നീട് വേദിയില്‍ ഇല്ലാതിരുന്ന ജയരാജനെ വിളിപ്പിച്ച്‌ തനിക്ക് പുരസ്‌കാരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം ജയരാജന്‍ സ്റ്റേജിലെത്തി പുരസ്‌കാരം നല്‍കുകയും അത് ഏറ്റുവാങ്ങി രമേശ് നാരായണന്‍ ചിരിച്ചുകൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്ത രമേശ്, ആസിഫ് അലിയോട് സംസാരിക്കുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *