രോഗി ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവം: മൂന്ന് ജീവനക്കാര്‍ക്ക് സസ്പെൻഷൻ

മെഡിക്കല്‍ കോളജില്‍ രോഗി രണ്ടുദിവസം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്.

രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്‍റ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

വിഷയത്തില്‍ അടിയന്തരമായി അന്വേഷിച്ച്‌ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്വദേശി രവീന്ദ്രൻ നായർ (60) ആണ് ആശുപത്രിയിലെ ഒപി ബ്ലോക്കില്‍ കേടായി കിടന്ന ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയോടു കൂടിയാണ് സംഭവം. തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിലെ താത്കാലിക ജീവനക്കാരനാണ് രവീന്ദ്രൻ നായർ. ശാരീരിക അവശതകളെ തുടർന്ന് ഓർത്തോ വിഭാഗത്തില്‍ ഇദ്ദേഹം ചികിത്സയ്ക്ക് എത്തിയിരുന്നു.

ഡോക്ടറെ കണ്ടശേഷം ലാബ് റിസള്‍ട്ട് വാങ്ങുന്നതിന് വേണ്ടി ശനിയാഴ്ച ലാബില്‍ എത്തിയിരുന്നു. എന്നാല്‍ ചില രേഖകള്‍ എടുക്കാൻ മറന്നതിനെ തുടർന്ന് വീട്ടിലേക്ക് പോയ ശേഷം തിരികെ ആശുപത്രിയില്‍ എത്തി. തുടർന്ന് മൂന്നാം നിലയിലെ ഡോക്ടറെ കാണുന്നതിനുവേണ്ടി പോകാൻ ലിഫ്റ്റില്‍ കയറുകയായിരുന്നു.

കേടായി കിടന്ന ലിഫ്റ്റില്‍ സേഫ്റ്റി റിബണ്‍ കെട്ടിയിരുന്നുവെങ്കിലും അത് എങ്ങനെയോ നഷ്ടമായിരുന്നു. അതുകൊണ്ടാണ് ലിഫ്റ്റ് അറ്റകുറ്റപ്പണിയില്‍ ആണെന്നുള്ള വിവരം അറിയാതെ രവീന്ദ്രൻ നായർ ഇതിനുള്ളില്‍ കയറിയത്. ലിഫ്റ്റില്‍ കയറി ഡോർ ക്ലോസ് ചെയ്യുന്നതിന് ബട്ടണ്‍ അമർത്തിയതോടുകൂടി ഇദ്ദേഹം ലിഫ്റ്റിനുള്ളില്‍ അകപ്പെടുകയും ലിഫ്റ്റ് അല്‍പ്പദൂരം മുകളിലേക്ക് ഉയർന്നു നില്‍ക്കുകയും ചെയ്തു. അതേസമയം ശനിയാഴ്ച രവീന്ദ്രൻ നായർ ലിഫ്റ്റില്‍ കയറിയ വിവരമോ പകുതി വഴിയില്‍ കുടുങ്ങിയ വിവരമോ ആരും അറിഞ്ഞിരുന്നില്ല.

ഞായറാഴ്ച ആയിരുന്നതിനാല്‍ ലിഫ്റ്റിന്‍റെ അറ്റകുറ്റപ്പണി ഉണ്ടായില്ല. അതുകൊണ്ടുതന്നെ രവീന്ദ്രൻ നായർ ആ ദിവസം മുഴുവൻ ലിഫ്റ്റിനുള്ളില്‍ കഴിച്ചുകൂട്ടി. ഇന്ന് രാവിലെ 7.30 ഓടുകൂടി ഒരു ജീവനക്കാരൻ വന്ന് ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചപ്പോഴാണ് ഇത് പകുതി വഴിയില്‍ നില്‍ക്കുന്നതായി അറിഞ്ഞത്. തുടർന്ന് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ജീവനക്കാരെത്തി ലിഫ്റ്റിന്‍റെ ഡോർ പൊളിച്ചപ്പോഴാണ് ഇതിനുള്ളില്‍ മനുഷ്യൻ കുടുങ്ങിക്കിടക്കുന്നതായി അറിയുന്നത്.

ലിഫ്റ്റിനുള്ളില്‍ വായുസഞ്ചാരം കുറവായിരുന്നതുകൊണ്ടും ഭയപ്പെട്ടതുകൊണ്ടും രവീന്ദ്രൻ നായർക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതല്ലാതെ മറ്റു വിഷമങ്ങള്‍ ഒന്നും സംഭവിച്ചില്ല. ഒന്നര ദിവസം ലിഫ്റ്റിനുള്ളില്‍ കുടുങ്ങിക്കിടന്ന രവീന്ദ്രൻ നായർ രക്ഷപ്പെട്ടതിലുള്ള അദ്ഭുതത്തില്‍ ആയിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നവർ.

ചെറിയ രീതിയില്‍ ശാരീരിക അവശതകള്‍ അനുഭവപ്പെട്ട ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. അതേസമയം സംഭവം വിവാദമായതിനെത്തുടർന്ന് കേടായ ലിഫ്റ്റ് എത്രയും പെട്ടെന്ന് നന്നാക്കുന്നതിനും അതുപോലെതന്നെ ലിഫ്റ്റ് അറ്റകുറ്റപ്പണിയില്‍ ആണെന്ന് ബോർഡ് വയ്ക്കുന്നതിനും ആശുപത്രി അധികൃതർ നിർദേ‌ശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *