മലയാളത്തിന്റെ സുകൃതം ; എം.ടിക്ക് 91ാം പിറന്നാള്‍

മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ എം.ടി. വാസുദേവൻ നായർ ഇന്ന് 91ാം പിറന്നാളിന്റെ തിളക്കത്തിലാണ്. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.

വാസുദേവൻ നായർ 1933 ജൂലൈ 15ന് കൂടല്ലൂരിലാണ് ജനിച്ചത്. പിറന്നാളുകളൊന്നും എം.ടി. ആഘോഷമാക്കാറില്ല. ഒപ്പം അടുത്ത ബന്ധുക്കള്‍ മാത്രം. ചെറിയൊരു ഊണ്. പക്ഷേ, കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ നവതി മലയാളക്കരയാകെ ഉത്സവമായാണ് കൊണ്ടാടിയത്. ജന്മനക്ഷത്രമായ കർക്കടകത്തിലെ ഉത്തൃട്ടാതി ഈ മാസം 26നാണ്.

എം.ടിയെന്ന എഴുത്തിന്റെ പെരുന്തച്ചൻ മലയാളിക്കായി തീർത്തത് സ്നേഹാക്ഷരങ്ങളായിരുന്നു. ഓരോന്നും ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് ചേക്കേറിയവ. ഒരു മന്ത്രം പോലെ കൂടെ നടന്ന വാക്കുകള്‍.

എം.ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതി, മുന്‍നിര സംവിധായകര്‍ ഒരുക്കി, സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച ഒന്‍പത് സിനിമകള്‍ വൈകാതെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘മനോരഥങ്ങള്‍’ എന്ന് എം.ടി.തന്നെ പേരിട്ട ചിത്രസഞ്ചയം ഇനി ഒ.ടി.ടി.യില്‍ കാണാനാവും. സിനിമയുടെ ട്രെയിലർ ലോഞ്ച് ഇന്നു കൊച്ചിയില്‍ നടക്കും.

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നിങ്ങനെ ഏറെ വിശേഷണങ്ങള്‍കൊണ്ട് ധന്യമാക്കിയ ജീവിതത്തില്‍നിന്ന് മലയാളിക്ക് വേണ്ടുവോളം ആർദ്രമായ പ്രണയവും നൊമ്ബരങ്ങളും അടങ്ങാത്ത ആനന്ദവും കഥാപാത്രങ്ങളിലൂടെ മനുഷ്യഹൃദയങ്ങളിലേക്ക് ഒഴുകിയെത്തി. നാലുകെട്ട്, കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങിയ അനശ്വര സൃഷ്ടികള്‍ സാഹിത്യലോകത്തെ പുഷ്ടിപ്പെടുത്തി.

‘പാതിരാവും പകല്‍വെളിച്ചവും’ ആണ് ആദ്യനോവലെങ്കിലും ആദ്യം പ്രസിദ്ധീകരിച്ചത് 23ാം വയസ്സില്‍ പൂർത്തിയാക്കിയ ‘നാലുകെട്ടാ’ണ് (1954). ടി. നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളുഅമ്മയുടെയും മകനായി ജനിച്ച എം.ടി പാലക്കാട് വിക്ടോറിയ കോളജില്‍ നിന്നാണ് ബിരുദം നേടിയത്. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. മക്കള്‍: സിതാര, അശ്വതി.

Leave a Reply

Your email address will not be published. Required fields are marked *