പ്രത്യേകിച്ചൊരു തൊഴിലോ മറ്റു മാര്‍ഗങ്ങളോ ഇല്ലാത്തവര്‍ പെട്ടെന്ന് വലിയ സമ്ബന്നരായി തീരുന്ന പ്രവണത പാര്‍ട്ടിയില്‍ കണ്ടുവരുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
പുതുതായി പാര്‍ട്ടിയില്‍ എത്തുന്നവരുടെ സമ്ബത്ത് ഏതാനും വര്‍ഷംകൊണ്ട് വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും അത്തരക്കാരെ കണ്ടെത്തി കര്‍ശനമായ നടപടിയെടുക്കണമെന്നും എം വി ഗോവിന്ദന് പറഞ്ഞു. സഹകരണ സ്ഥാപനങ്ങളില്‍ ചിലര്‍ തുടര്‍ച്ചയായി ഭാരവാഹികള്‍ ആവുന്നതും ഇത്തരത്തിലുള്ള ദോഷം ഉണ്ടാക്കുന്നുണ്ടെന്ന് ഗോവിന്ദന് ചൂണ്ടികാട്ടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്ക് വേണ്ടി കരുനാഗപള്ളിയില്‍ ചേര്‍ന്ന മേഖലാ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എം വി ഗോവിന്ദന്.
തെറ്റുതിരുത്തല്‍ രേഖ എല്ലാതലത്തിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. മെറിറ്റ് മറികടന്നുള്ള സ്ഥാനക്കയറ്റം പാര്‍ട്ടിയില്‍ തുടരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന ഏത് വിഭാഗങ്ങള്‍ക്കായിരിക്കണമെന്നു പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും. ഇരുപതോളം ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാതെ പോയി. ക്ഷേമ പെന്ഷന് മുടങ്ങിയതും പാനൂരിലെ ബോംബ് സ്ഫോടനവും തിരിച്ചടിയായി എന്നും എം വി ഗോവിന്ദന് പറഞ്ഞു.
നവോത്ഥാനത്തിന് നേതൃത്വം നല്കിയ എസ്എന്‍ഡിപി യോഗത്തെ സംഘപരിവാറിന്റെ കയ്യിലാക്കാന്‍ അനുവദിക്കരുത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്ഷേത്രസമിതികളിലും മറ്റും സജീവമായി ഈ നീക്കം തടയണം. ജനങ്ങളെ മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും ഘടകങ്ങള്‍ക്കും വലിയ പിഴവു പറ്റിയെന്നും ഗോവിന്ദന് പറഞ്ഞു.