സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്ന് പറയുന്ന വ്യക്തിയാണ് ഷെയിൻ നിഗം. താരത്തിന്റെ പുതിയ ചിത്രമായ “ലിറ്റില്‍ ഹാർട്സ്” ജൂണ്‍ ഏഴിനാണ് റിലീസാകുന്നത്.
മഹിമ നമ്ബ്യാരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഷൈൻ ടോം ചാക്കോയും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പട്ട് ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഷെയിൻ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാലസ്തീൻ വിഷയത്തെപ്പറ്റിയാണ് നടൻ സംസാരിച്ചത്.
കുട്ടികളെയും സ്ത്രീകളെയുമൊക്കെ എന്തിനാണ് ഉപദ്രവിക്കുന്നതെന്നും ഇതൊക്കെ കാണുമ്ബോള്‍ തന്റെ കണ്ണ് നിറയുമെന്നും നടൻ പറയുന്നു. ‘ഇതൊക്കെ കാണുമ്ബോള്‍ എന്റെ കണ്ണൊക്കെ നിറയും. യുദ്ധത്തിന് പല കാരണങ്ങളുണ്ടാകാം. എന്തോ ആയിക്കോട്ടേ. ഈ കൊച്ചുങ്ങളെയും സ്ത്രീകളെയുമൊക്കെ കൊല്ലുന്നതെന്തിനാണ്. എനിക്കത് ഭയങ്കര ബുദ്ധിമുട്ടാണ്. എന്റെ കണ്ണ് നിറയും. ഞാൻ എന്റെ ഉമ്മച്ചിയായിട്ടൊക്കെ റിലേറ്റ് ചെയ്യും. അതെന്റെ ഒരു കുറവായിരിക്കാം.
പണ്ടത്തെപ്പോലെ അടിച്ചുതീർക്കെന്നേ. ഒരു അറ്റത്തുനിന്ന് ഇവിടുന്നും അവിടുന്നും അടിക്ക്. എന്നിട്ട് ആരാ ജയിക്കുന്നതെന്ന് വച്ചാല്‍, അവർക്ക് എന്താന്ന് വച്ചാല്‍ എഴുതിയെടുക്കുകയോ എന്തേലും ചെയ്യ്. അതിന് ഈ കൊച്ചുങ്ങളെ കൊല്ലുന്നത് എന്തിനാണ്. അതെന്തിനാ ഇവർ ചെയ്യുന്നത്. അങ്ങനെയുള്ള പല അനീതികളുമുണ്ട്.
നമ്മുടെ മതം നമ്മള് തീരുമാനിച്ചിട്ടാണോ ജനിച്ചത്. ഈ മതത്തിന്റെ പേരില്‍ ഒരാളെ ചൂഷണം ചെയ്യുന്നത് ശരിയാണോ. എന്റെ വീടിന്റെ അപ്പുറത്തെ വീട്ടിലാണ് ജനിച്ചതെങ്കില്‍ ഞാനൊരു ഹിന്ദുവല്ലേ. അതിനപ്പുറത്തെ വീട്ടിലാണെങ്കില്‍ ഞാനൊരു ക്രിസ്ത്യനല്ലേ. ഇതിന്റെ പേരിലൊക്കെ ഒരാളെ മാറ്റിനിർത്തുകയോ, ചൂഷണം ചെയ്യുകയോ ചെയ്യുന്നു.
എല്ലാത്തിലും നല്ലതും ചീത്തയുമുണ്ട്. ഒരാളില്‍ തന്നെ നല്ലതും ചീത്തയുമില്ലേ. പെർഫക്ടായ ആരെങ്കിലുമുണ്ടോ. എന്നില്‍ മോശമുണ്ട്. ഞാനത്ര നല്ല ആളൊന്നുമല്ല. എന്നാല്‍ എന്നില്‍ നന്മയുമുണ്ടല്ലോ. അതേപ്പോലെത്തന്നെയാണ് എല്ലാവരും. ചെറിയ ജീവിതമേയുള്ളൂ. നാളെ എഴുന്നേല്ക്കുമോയെന്നുപോലും അറിയാത്ത ജീവിതത്തില്‍ ഈ യുദ്ധമൊക്കെ ചെയ്തിട്ട് എന്തിനാണ്. ആരെ കാണിക്കാനാണ്. ഇതില്‍ എന്താണ് നിങ്ങള്‍ നേടുക. മനുഷ്യത്വം വേണം,’- ഷെയിൻ പറഞ്ഞു.
അടുത്തിടെ ഷെയിൻ നിഗം സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രം വൈറലായിരുന്നു. സുഡാപ്പി ഫ്രം ഇന്ത്യ എന്ന അടിക്കുറിപ്പോടെ കഫിയ ധരിച്ച ചിത്രമായിരുന്നു ഷെയിൻ പങ്കുവച്ചത്.