രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ എൻ.ഐ.എ റെയ്ഡ് തുടരുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ ബെള്ളാരിയില്‍നിന്ന് ബസില്‍ കലബുറഗിയിലേക്ക് യാത്ര ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് കലബുറഗിയില്‍ പരിശോധന നടത്തിയത്.
ഇതിന്റെ ഭാഗമായി കലബുറഗി റെയില്‍വേ സ്റ്റേഷനിലെയും സെൻട്രല്‍ ബസ് സ്റ്റാൻഡിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ എൻ.ഐ.എ സംഘം പരിശോധിച്ചു. അതേസമയം, മാർച്ച് ഒന്നിന് നടന്ന സ്ഫോടനത്തിലെ പ്രതിയെ ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് പിടികൂടാനായിട്ടില്ല.
പ്രതിയുടെ പുതിയ ചിത്രങ്ങള്‍കൂടി എൻ.ഐ.എ പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനം നടന്ന ദിവസം രാത്രി ഒമ്ബതോടെ സി.സി.ടി.വിയില്‍ പതിഞ്ഞ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് 10 ലക്ഷം രൂപ എൻ.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.പ്രതിയെ കണ്ടെത്താൻ എൻ.ഐ.എ, സി.സി.ബി സംഘങ്ങളുടെ ശ്രമം ഊർജിതമായി തുടരുകയാണ്.