പൂക്കോട് വെറ്ററിനറി കോളേജില്‍ ആത്മഹത്യ ചെയ്ത രണ്ടാംവർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മൊബൈല്‍ഫോണ്‍ പ്രതികള്‍ പിടിച്ചുവച്ചിരുന്നതായി പൊലീസ്.
മർദ്ദനമേറ്റ കാര്യം യുവാവ് മാതാപിതാക്കളെ അറിയിക്കാതിരിക്കാനായിരുന്നു ഇത്. കഴിഞ്ഞ മാസം 16നാണ് മാതാപിതാക്കള്‍ സിദ്ധാർത്ഥിനെ അവസാനമായി ഫോണില്‍ ബന്ധപ്പെടുന്നത്. പിന്നീട് പലതവണ യുവാവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിറ്റേന്ന് സിദ്ധാർത്ഥിന്റെ മാതാവ് സഹപാഠികളിലൊരാളുടെ ഫോണില്‍ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും യുവാവ് കിടക്കുകയാണെന്നുമായിരുന്നു മറുപടി. ഈ സമയത്തെല്ലാം പ്രതികളുടെ കൈവശമായിരുന്നു സിദ്ധാർത്ഥിന്റെ ഫോണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതികള്‍ യുവാവിന് ഫോണ്‍ കൈമാറുകയും സിദ്ധാർത്ഥ് മാതാവിനെ വിളിച്ച് 24ന് വീട്ടിലേക്ക് വരികയാണെന്നും അറിയിച്ചു. പിന്നീട് യുവാവിന്റെ മാതാപിതാക്കള്‍ കേട്ടത് മരണവാർത്തയാണെന്നും പൊലീസ് പറയുന്നു.
അതേസമയം, ഹോസ്റ്റലിലെ ബാത്ത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ മൃതദേഹം പൊലീസ് എത്തുന്നതിന് മുൻപ് അഴിച്ചെടുത്തത് പ്രതികളുടെ നേതൃത്വത്തിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവാവ് എന്തെങ്കിലും കടുംകൈ ചെയ്തേക്കാമെന്ന തോന്നലില്‍ തലേന്ന് രാത്രി മുഴുവൻ പ്രതികള്‍ കാവലിരുന്നതാണ്. 18ന് രാവിലെ സിദ്ധാർത്ഥിന് വലിയ കുഴപ്പമില്ലെന്ന് മനസിലാക്കിയ പ്രതികള്‍ ഉച്ചയ്ക്കും മർദ്ദിക്കുകയായിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് സിദ്ധാർത്ഥ് ശുചിമുറിയിലേക്ക് പോയതും പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതും.