കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 125 ആയി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.
പലരും കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഡല്‍ഹിയിലും ബിഹാറിലും ഉത്തര്‍പ്രദേശിലും പ്രകമ്ബനം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു ഭൂചലനം. നേപ്പാളിലെ ജാജര്‍കോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ദുരന്തനിവാരണ ഏജൻസികളടക്കം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഭൂചലനത്തെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. റുകും ജില്ലയില്‍ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിരവധി പേരുടെ വീടുകള്‍ തകര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജാര്‍ക്കോട്ടില്‍ 34 പേരുടെ മരണം സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തെ മൂന്ന് സുരക്ഷാ ഏജൻസികളെയും രക്ഷാദൗത്യത്തിനായി നിയോഗിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലിന്റെ ഓഫീസ് അറിയിച്ചു. ദായിലേക്, സല്യാണ്‍, റോല്‍പ ജില്ലകളില്‍ നിന്നും നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാസം മൂന്നിനും നേപ്പാളില്‍ ഭൂചലനങ്ങളുടെ പരമ്ബര അരങ്ങേറിയിരുന്നു. അന്നും ഡല്‍ഹി എൻസിആര്‍ മേഖലയില്‍ പ്രകമ്ബനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും ആറുപേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനം നേപ്പാളില്‍ അനുഭവപ്പെട്ടിരുന്നു.
2015ല്‍ റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നേപ്പാളില്‍ 12,000ത്തില്‍ അധികംപേര്‍ മരിക്കുകയും 10 ലക്ഷത്തോളം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.