അടുത്ത രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതിന് ഉചിതമായ നിയമനിർമാണം കൊണ്ടുവരുന്നതില്‍ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി.
വിഷയത്തില്‍ കേന്ദ്രത്തിനു നോട്ടീസ് അയയ്ക്കാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ഇത്തരം വിവാഹങ്ങള്‍ നിയന്ത്രിക്കാൻ കോടതിക്കാകില്ലെന്നും അതു പൂർണമായും നിയമനിർമാണ സഭയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ബെഞ്ച് വ്യക്തമാക്കി. വിഷയത്തില്‍ സർക്കാരിനു പ്രത്യേക നിർദേശങ്ങളൊന്നും നല്‍കുന്നില്ലെന്നും, പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണു കോടതി ആഗ്രഹിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം വരുംതലമുറകളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.
രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം. ഇത്തരം വിവാഹങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.
അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ അവർക്കുണ്ടാകുന്ന കുട്ടികളില്‍ ജന്മനായുള്ള വൈകല്യങ്ങള്‍ക്കും ജനിതക രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
