ആശുപത്രികളില്‍ മിന്നല്‍ പരിശോധന നടത്തി വീഴ്ചകള്‍ക്കെതിരെ നടപടിയെടുക്കണം: ആരോഗ്യമന്ത്രി

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ പ്രവർത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും രോഗികള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സയും സേവനങ്ങളും ഉറപ്പാക്കുന്നതിനുമായി എല്ലാ ജില്ലകളിലും ദിവസവും ഒരു പ്രധാന ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നല്‍കി.

ഇതിനായി ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കല്‍ ഓഫിസർമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസർമാർ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫിസർമാർ, ആർദ്രം നോഡല്‍ ഓഫിസർമാർ എന്നിവരുടെ നേതൃത്വത്തില്‍ അതത് ജില്ലകളിലെ പ്രധാന ആശുപത്രികളില്‍ ദിവസേന അപ്രതീക്ഷിത പരിശോധന നടത്തണം.

ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ഹാജർ, കൃത്യനിഷ്ഠ, ആശുപത്രി പരിസരങ്ങളിലെ ശുചിത്വം, ഓപ്പറേഷൻ തിയേറ്റർ, ഐസിയു, അത്യാഹിത വിഭാഗം എന്നിവയുടെ പ്രവർത്തനം പരിശോധനയ്ക്ക് വിധേയമാക്കും. രോഗികളുടെ കൂട്ടിരിപ്പുകാരുമായി നേരിട്ട് സംസാരിച്ച്‌ ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരം, സൗകര്യങ്ങളുടെ ലഭ്യത, പരാതികള്‍, ബുദ്ധിമുട്ടുകള്‍ എന്നിവ മനസിലാക്കണം.

കിടത്തിച്ചികിത്സാ വിഭാഗങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രി ഫാർമസികളിലെ മരുന്നുകളുടെ ലഭ്യത, കാലാവധി കഴിഞ്ഞ മരുന്നുകള്‍ സ്റ്റോക്കിലോ വിതരണത്തിലോ ഇല്ലെന്ന് ഉറപ്പാക്കല്‍, പ്രൊസീജിയർ റൂമുകളുടെ പ്രവർത്തനവും പരിപാലനവും എന്നിവയും പരിശോധിക്കും. ബയോമെഡിക്കല്‍ മാലിന്യ സംസ്കരണവും അണുബാധ നിയന്ത്രണ സംവിധാനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

പരിശോധനയില്‍ കണ്ടെത്തുന്ന പോരായ്മകള്‍, സ്വീകരിച്ച തിരുത്തല്‍ നടപടികള്‍, തുടർനടപടികള്‍ ആവശ്യമായ വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോർട്ട് എല്ലാ ദിവസവും വൈകുന്നേരം നാലിന് മുമ്പ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടർക്ക് (മെഡിക്കല്‍) സമർപ്പിക്കണം. ആരോഗ്യവകുപ്പ് റിപ്പോർട്ടുകള്‍ ക്രോഡീകരിച്ച്‌ പ്രതിമാസ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സമീപകാല സർക്കുലറുകളിലെ നിർദേശങ്ങള്‍ കർശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും.

ആശുപത്രികളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കുന്നതിനും രോഗികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *