ശ്രീകാര്യത്ത് 17കാരന്റെ മരണം: മൂന്ന് പേർ അറസ്റ്റിൽ; ഇൻസ്റ്റഗ്രാം വഴി വിളിച്ചുവരുത്തിയെന്ന് പൊലീസ്

തിരുവനന്തപുരം: ശ്രീകാര്യത്ത് പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർഥി അഭിറാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന പെൺകുട്ടിയുടെയും മറ്റൊരു യുവാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മണക്കാട് സ്വദേശിനിയായ ഐടിഐ വിദ്യാർഥിനി അനന്ദ, ശ്രീകാര്യം സ്വദേശി ഉമർ, അഭിറാമിന്റെ സുഹൃത്തായ 17കാരൻ എന്നിവരാണ് അറസ്റ്റിലായത്. അഭിറാമിനെ അനന്ദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിളിച്ചുവരുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പരുത്തിപ്പാറ എൻഎസ്എസ് സ്കൂളിലെ വിദ്യാർഥിയായ അഭിറാമിനെ കൊലപ്പെടുത്താൻ നേരിട്ട് ഉദ്ദേശിച്ചിരുന്നില്ലെന്നാണ് കേസിലെ പ്രധാന പ്രതിയായ 17കാരൻ തെളിവെടുപ്പിനിടെ പൊലീസിനോട് വെളിപ്പെടുത്തിയത്. മറ്റൊരു കുട്ടിയെ അഭിറാം വഴി വിളിച്ചുവരുത്താനായിരുന്നു ശ്രമമെന്നും ഇതിനിടെ അഭിറാമുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് കൊലപാതകത്തിലേക്ക് നീങ്ങിയെന്നുമാണ് പ്രതിയുടെ മൊഴി.

പ്രതിയെ ഇന്നലെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികളും ഫോറൻസിക് പരിശോധനകളും പൂർത്തിയാക്കി. പുലർച്ചയോടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

സംഭവത്തിൽ പെൺകുട്ടിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. മറ്റൊരു പ്രതിയായ ഉമർ കാപ്പ കേസ് പ്രതിയാണെന്നും ഇയാൾക്കെതിരെ കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിൽ മോഷണം, ലഹരിക്കടത്ത്, അടിപിടി തുടങ്ങിയ കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. അതേസമയം, ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണവുമായി അഭിറാമിന്റെ പിതാവ് മധുകുമാർ രംഗത്തെത്തി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *