സത്യം പറഞ്ഞതിന്റെ പേരില്‍ താൻ വേട്ടയാടപ്പെടുന്നുവെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
പറയാനുള്ളത് നേരെ അങ്ങ് പറയുമെന്നും വളച്ചൊടിച്ച് പറയാൻ തനിക്ക് അറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
‘ജാതി പറഞ്ഞ് സംഘടിച്ചവരും മതം പറഞ്ഞ് സംഘടിച്ചവരും ഉണ്ട്. മതം പറഞ്ഞ് സംഘടിച്ചവർ എവിടെയെത്തിയെന്ന് ആലോചിക്കണം. മതമാണ് മതമാണ് എന്ന് പറഞ്ഞവരെക്കുറിച്ച് ചർച്ചയില്ല. ഞാൻ ആണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ. സത്യം പറഞ്ഞതിന്റെ പേരില്‍ ഞാൻ വേട്ടയാടപ്പെടുന്നു. ഞാൻ ഒരു സമുദായത്തിനും എതിരല്ല. എന്റെ സമുദായത്തിന്റെ ദു:ഖമാണ് പറഞ്ഞത്. ലീഗിനെ ആണ് പറഞ്ഞത്, മുസ്ലിമിനെ അല്ല’, വെള്ളാപ്പള്ളി പറഞ്ഞു.
10 വർഷം എല്‍ഡിഎഫ് ഭരിച്ചെങ്കില്‍ അത് നയിച്ചവരുടെ ഗുണമാണ്. പോയത് ആരുടെ പ്രശ്നം കൊണ്ടാണെന്ന് പരിശോധിക്കട്ടെയെന്നും വെള്ളപ്പാള്ളി കൂട്ടിച്ചേർത്തു. തന്റെ കുഴപ്പമാണെങ്കില് വടക്ക് എങ്ങനെ ഇത്രവോട്ട് കിട്ടിയെന്നും എന്താണ് പ്രശ്നം എന്ന് പഠിക്കാൻ അല്ലേ നോക്കേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മുൻ സ്പീക്കർ എ എൻ ഷംസീറിനും വെള്ളാപ്പള്ളി മറുപടി നല്കി. ഷംസീർ ഗണപതി മിത്ത് ആണെന്ന് പറഞ്ഞില്ലേയെന്ന് അദ്ദേഹം ചോദിച്ചു. മതപ്പാർട്ടികള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു. അവർക്ക് ഇന്ന് നിയമസഭയില്‍ ഭരിക്കാനുള്ള സീറ്റ് ആയില്ലേ. മതം പറഞ്ഞ് നടന്നവർ എവിടെ എത്തി എന്ന് നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറത്ത് നിന്ന് ഒരു ആവശ്യം വന്നാല്‍ ചട്ടം ഉണ്ടാക്കുന്നു, നിയമം ഉണ്ടാക്കുന്നു. മലപ്പുറത്ത് മാത്രമല്ല കാസർകോടും ഈഴവ സമുദായത്തിന് ഒന്നും കിട്ടുന്നില്ല. ഈ ദുഃഖം മലപ്പുറത്ത് ഇരുന്ന് പറഞ്ഞാല്‍ കുലദ്രോഹി ആയി ചിത്രീകരിക്കുന്ന കാലമാണിതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
ജാതിയാണോ താൻ പറഞ്ഞത്, താൻ നീതിയാണ് പറഞ്ഞത്. മറ്റ് സമുദായക്കാർ പറഞ്ഞാല്‍ നീതി, തങ്ങള്‍ പറഞ്ഞാല്‍ ജാതി. അതാണ് അവസ്ഥയെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
പിഎസ്സിയില് മുസ്ലിം പ്രാതിനിധ്യം ശരിയാക്കിയപ്പോള്‍ ഈഴവരെ തിരിഞ്ഞു നോക്കിയില്ല. അയിത്തം കല്‍പ്പിച്ച് മാറ്റിനിർത്തുന്ന രീതിയാണ് അന്നും ഇന്നും. എന്നും നീതി നിഷേധിക്കപ്പെട്ട വിഭാഗമാണ് നമ്മള്. ജാതി സംവരണം ചെയ്ത നാട്ടില്‍ ജാതി പറഞ്ഞാല്‍ അപമാനമാണോ. തനിക്ക് അഭിമാനമാണ്. തന്നെ സ്ഥിരമായി ചാനല്‍ ചർച്ചകളില്‍ വിമർശിക്കുന്നു. പത്മഭൂഷണ്‍ കിട്ടിയതിന്റെ പേരില്‍ തന്നെ എന്തെല്ലാമാണ് പറഞ്ഞത്. അതിനൊന്നും താൻ ഒന്നും പറയാൻ പോയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
