വിദ്യാര്‍ഥി സ്കൂളില്‍വച്ച്‌ ഷോക്കേറ്റ് മരിച്ച സംഭവം; വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി

വിദ്യാർഥി സ്കൂളില്‍വച്ച്‌ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടി.അന്വേഷിച്ച്‌ അടിയന്തിരമായി റിപ്പോർട്ട് നല്‍കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കി.

കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്താനും നിർദേശം നല്‍കിയിട്ടുണ്ട്. സംഭവം അതീവ ദുഃഖകരമാണെന്നും മന്ത്രി പ്രതികരിച്ചു.

കുറ്റക്കാർക്കെതിരേ മുഖ്യം നോക്കാതെ നടപടിയെടുക്കും. ആരെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് സ്കൂളില്‍വച്ച്‌ ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്ബോഴാണ് അപകടം. കളിക്കുന്നതിനിടെ മിഥുന്‍റെ ചെരുപ്പ് ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു.ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്.

ഉടൻതന്നെ സ്കൂള്‍ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്‌ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നെന്നും ഇതില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നുമാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *