കുടിവെള്ളമില്ല, മാലിന്യംനിറഞ്ഞ വെള്ളക്കെട്ട്, ഇതുപോലൊരു അനുഭവം മുമ്പുണ്ടായിട്ടില്ലെന്ന് പൊങ്കാലയ്‌ക്കെത്തിയ ജനങ്ങള്‍, നാണക്കേടായി ബിജെപിയുടെ കോര്‍പ്പേറഷന്‍ ഭരണം

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ പൊങ്കാല മഹോത്സവം കൃത്യമായി നടത്തുന്നതില്‍ കോര്‍പ്പറേഷന് വീഴ്ച സംഭവിച്ചതായി ആരോപണം.

ലക്ഷക്കണക്കിന് ഭക്തര്‍ തിരുവനന്തപുരം നഗരത്തിലേക്ക് എത്തുന്ന ഉത്സവം കേരളത്തിന്റെ സാംസ്‌കാരിക ആത്മീയ പ്രതീകമായി മാറിയിട്ടുണ്ട്. എന്നാല്‍, ഉത്സവത്തിന് എത്തിയ ആളുകള്‍ക്ക് കുടിവെള്ള ക്ഷാമമുണ്ടായെന്നും ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ടാണെന്നും ഭക്തര്‍ പരാതിപ്പെടുന്നു.

ബിജെപി നേതൃത്വത്തിലുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്റെ ആദ്യ പൊങ്കാലയാണിത്. അതുകൊണ്ടുതന്നെ പൊങ്കാല നടത്തിപ്പില്‍ വീഴ്ചവരില്ലെന്നായിരുന്നു കരുതിയിരുന്നതെങ്കിലും മുമ്പെങ്ങുമില്ലാത്ത അസൗകര്യമാണ് ഇത്തവണയെന്നാണ് ഭക്തര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

നഗരത്തിലെ പല വാര്‍ഡുകളിലും ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നു. അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിലെ പമ്പിങ് പ്രശ്‌നങ്ങള്‍, പൈപ്പ് ലീക്കുകള്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍ എന്നാണ് ഔദ്യോഗിക വിശദീകരണം.

ഞായറാഴ്ച വൈകുന്നേരത്തെ അപ്രതീക്ഷിത മഴയെത്തുടര്‍ന്ന് ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് വെള്ളക്കെട്ട് ഉണ്ടായി. ഇത് പരിഹരിക്കാന്‍ കോര്‍പ്പറേഷന് സാധിച്ചില്ല. ചിലയിടങ്ങളില്‍ മുട്ടോളമെത്തുന്ന മലിനജലത്തിലൂടെയാണ് ഭക്തര്‍ നടന്നുപോകുന്നത്.

ഇതുപോലൊരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല എന്ന തരത്തിലാണ് പരാതികള്‍ ഉയരുന്നത് എന്നത് കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപിക്ക് നാണക്കേടുണ്ടാക്കുന്നതാണ്. അതേസമയം, ക്ഷേത്ര ട്രസ്റ്റും അധികൃതരും അന്നദാനം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, മെഡിക്കല്‍ ടീമുകള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1,500-ലധികം താല്‍ക്കാലിക ജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *