മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി തടുത്തു; സാവകാശം ഈ മാസം 16 വരെ നീട്ടി

എറണാകുളം മലയിടംതുരുത്തിലെ ഭൂമി കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

ഒഴുപ്പിക്കല്‍ നടപടികള്‍ പൂർത്തിയാക്കാനായി ഈ മാസം 16 വരെയാണ് കോടതി സമയം നീട്ടിനല്‍കിയത്. എന്നാല്‍ ഒഴുപ്പിക്കല്‍ ഉത്തരവില്‍ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും, ഇനിയും കൂടുതല്‍ സാവകാശം അനുവദിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കർശനമായി വ്യക്തമാക്കിയിട്ടുണ്ട്.

റൂറല്‍ എസ്.പി സമർപ്പിച്ച പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. ഹൈക്കോടതി വിഷയം പരിഗണിക്കുന്നത് വരെ പെരുമ്പാവൂർ മുൻസിഫ് കോടതി ഈ വിഷയത്തില്‍ മറ്റ് ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്നും ജസ്റ്റിസ് നിർദ്ദേശിച്ചു.

മലയിടംതുരുത്ത് ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി ഈ മാസം 9 വരെയാണ് ഹൈക്കോടതി മുൻപ് സർക്കാരിന് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ കുടിയൊഴിപ്പിക്കലിനുള്ള സാവകാശം ഒൻപതാം തീയതിക്ക് അപ്പുറത്തേക്ക് നീട്ടി നല്‍കാൻ കഴിയില്ലെന്നും, അതിനകം തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പെരുമ്പാവൂർ മുൻസിഫ് കോടതി അഭിഭാഷക കമ്മീഷന് കർശന നിർദ്ദേശം നല്‍കിയിരുന്നു. മുൻസിഫ് കോടതിയുടെ നിലപാട് കടുത്തതോടെ ഒഴുപ്പിക്കല്‍ നടപടികള്‍ക്കായി പോലീസ് സംരക്ഷണം തേടി അഭിഭാഷക കമ്മീഷൻ റൂറല്‍ എസ്.പിക്ക് കത്ത് നല്‍കി.

കുടിയൊഴിപ്പിക്കല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്ന സാഹചര്യത്തിലാണ് റൂറല്‍ എസ്.പി വിഷയം വീണ്ടും ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്. തുടർന്ന് കാര്യങ്ങള്‍ വിശദമായി പരിശോധിച്ച കോടതി ഈ മാസം 16 വരെ താല്‍ക്കാലികമായി നടപടികള്‍ നീട്ടിവെക്കാൻ ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *