എല്ലാത്തിനും ഒടുവില്‍ പിണറായിയുടെ അടുത്ത് പത്തി താഴും. അല്ലാതെ സിപിഐ എവിടെ പോകാന്‍ ; പിഎം ശ്രീ വിഷയത്തില്‍ സിപിഐയെ പരിഹസിച്ച്‌ വെള്ളാപ്പള്ളി നടേശന്‍

പിഎം ശ്രീ വിഷയത്തില്‍ സിപിഐയെ പരിഹസിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി വന്ന് സംസാരിച്ചാല്‍ സിപിഐയുടെ പ്രശ്നമെല്ലാം അവിടെ തീരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സിപിഐ ഇതിന് മുമ്ബ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? നാടോടുമ്ബോള്‍ നടുവേ ഓടണം. കേന്ദ്ര സര്‍ക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയ രൂപീകരണം വേണം. കേരളത്തിന് അവകാശപ്പെട്ട പണമാണത്. ആദര്‍ശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണം. സിപിഐഎം-ബിജെപി അന്തര്‍ധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് ഇതിനെ പറയേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എല്ലാത്തിനും ഒടുവില്‍ പിണറായിയുടെ അടുത്ത് പത്തി താഴും. അല്ലാതെ സിപിഐ എവിടെ പോകാനെന്നും വെള്ളാപ്പള്ളി ചോദിച്ചു. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും അല്ലെങ്കില്‍ എല്ലാ ക്ഷേത്രങ്ങളും ഒറ്റ ബോര്‍ഡിന് കീഴിലാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ മറവില്‍ നടക്കുന്നത് വന്‍ അഴിമതിയാണ്. ഉദ്യോഗസ്ഥരും ബോര്‍ഡും അഴിമതി നടത്തുകയാണ്.
അതില്‍ സര്‍ക്കാറിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *