വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദത്തില്‍ എസ്ഐടി അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.
കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല. വടകര സ്റ്റേഷനിലെ എസ്എച്ച്ഒ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
വിഷയത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും, വർഗീയ ചേരിതിരിവുണ്ടാക്കിയ മുഴുവൻ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എംഎല്‍എ കെ.കെ. രമ പ്രതികരിച്ചു. “സത്യസന്ധമായ അന്വേഷണം നടക്കണം. ഇത്തരം സൈബർ ആക്രമണങ്ങളെയും ഗൂഢാലോചനകളെയും തടയിടാൻ ഭരണകൂടത്തിന് കഴിയുമെന്ന് തെളിയിക്കണം,” അവർ കൂട്ടിച്ചേർത്തു. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള ആഭ്യന്തര മന്ത്രിക്കു കത്ത് നല്‍കിയിരുന്നു.
വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചവരെ വെറുതെ വിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന ഡിവൈഎഫ്ഐ നേതാക്കളുടെ ഫോണ്‍ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ വൈകുന്നതിലും, തെളിവുകള്‍ പുറത്തുവരാതെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും പാറക്കല്‍ അബ്ദുള്ള ആരോപിച്ചിരുന്നു.
